വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മറക്കാനാവാത്ത വേദന…വനിതാ ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്

വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നാണക്കേട്. വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് കിരീടം. ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിനു തകര്‍ത്താണ് ഓസ്‌ട്രേലിയ തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. ഓസീസിന്റെ അഞ്ചാം ടി20 ലോക കിരീടം ആണിത്. ഓസ്‌ട്രേലിയ മുന്നോട്ടു വച്ച 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. 33 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി മേഗന്‍ ഷൂട്ട് നാലും ജെസ് ജൊനാസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഓവറില്‍ തന്നെ ഷഫാലി വീണു. മേഗന്‍ ഷൂട്ടിന്റെ പന്തില്‍ എലീസ ഹീലിക്ക് പിടികൊടുത്താണ് ഇന്ത്യയുടെ കൗമാര ഓപ്പണര്‍ മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ തനിയ ഭാട്ടിയ രണ്ടാം ഓവറില്‍ പരുക്കേറ്റ് മടങ്ങി. ആ ഓവറിലെ അവസാന പന്തില്‍ ജമീമ റോഡ്രിഗസും മടങ്ങി. ജെസ് ജോനാസന്റെ പന്തില്‍ നിക്കോള്‍ കാരി ജമീമയെ പിടികൂടി. രണ്ട് ബൗണ്ടറികള്‍ അടിച്ച് പ്രതീക്ഷ നല്‍കിയ സ്മൃതി മന്ദനക്കും ഏറെ ആയുസുണ്ടായില്ല. സോഫി മോലിന്യൂ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ നിക്കോള്‍ കാരിക്ക് പിടി നല്‍കി മന്ദനയും മടങ്ങി. ആറാം ഓവറില്‍ അടുത്ത വിക്കറ്റ്. ജെസ് ജൊനാസനെ ബൗണ്ടറി അടിച്ച് അത് തുടരാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റനെ ആഷ് ഗാര്‍ഡ്‌നര്‍ കൈപ്പിടിയിലൊതുക്കി.

വേദ കൃഷ്ണമൂര്‍ത്തിയും ദീപ്തി ശര്‍മ്മയും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 28 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. 19 റണ്‍സെടുത്ത വേദ ഡെലിസ കിമ്മിന്‍സിന്റെ പന്തില്‍ ജെസ് ജൊനാസന്റെ കൈപ്പിടിയിലൊതുങ്ങി. ആറാം വിക്കറ്റില്‍ പരുക്കേറ്റ ഭാട്ടിയക്ക് പകരം യുവതാരം റിച്ച ഘോഷ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി കളത്തിലിറങ്ങി. 30 റണ്‍സാണ് റിച്ചയും ദീപ്തിയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 33 റണ്‍സെടുത്ത ദീപ്തിയെ ബെത്ത് മൂണിയുടെ കൈകളില്‍ എത്തിച്ച നിക്കോള്‍ കാരി ഈ കൂട്ടുകെട്ട് തകര്‍ത്തു. ശിഖ പാണ്ഡെ (1) മേഗന്‍ ഷൂട്ടിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബെത്ത് മൂണിയാണ് ശിഖയെ പിടികൂടിയത്. ആ ഓവറില്‍ തന്നെ റിച്ച ഘോഷും (19) മടങ്ങി. നിക്കോള്‍ കാരിക്ക് പിടികൊടുത്താണ് റിച്ച പുറത്തായത്. രാധ യാദവ് (1) ജെസ് ജൊനാസന്റെ പന്തില്‍ ബെത്ത് മൂണിയുടെ കൈകളില്‍ അവസാനിച്ചു. മേഗന്‍ ഷൂട്ട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ആഷ് ഗാര്‍ഡ്‌നറിനു പിടി നല്‍കി പൂനം യാദവ് മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സ് നേടിയത്. ഓസ്‌ട്രേലിയക്കായി ഓപ്പണര്‍മാരായ എലീസ ഹീലിയും ബെത്ത് മൂണിയും അര്‍ധസെഞ്ചുറികള്‍ നേടി. 78 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ നേടി.

Similar Articles

Comments

Advertismentspot_img

Most Popular