ട്രംപും മിലാനിയയും ഒരു രാത്രി താമസിക്കുന്ന ഹോട്ടലിന്റെ ചെലവ്….

വൈകീട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തുക. ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ഇവര്‍ ഇന്ന് തങ്ങുന്നത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം. ട്രംപിനെ താമസിപ്പിക്കുന്നതിനായി ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണിവിടെ ചിലവ്. ട്രംപിനായി അത്യാഡംബര സൗകര്യങ്ങളെല്ലാം ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഐ.ടി.സി. മൗര്യയില്‍ ഒരുക്കും. ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍, ആഡംബര സൗകര്യങ്ങള്‍, സ്പാ എന്നിവയെല്ലാം അതിലുള്‍പ്പെടും.

വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. വായുനിലവാരം ഏറ്റവും മോശമായ നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ട്രംപിന് നല്‍കുന്ന ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ രണ്ട് കിടപ്പുമുറികളുണ്ടാകും. പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്ളോറിങ്ങുമാണ് സ്യൂട്ടിലുള്ളത്. അതിഗംഭീര കലാസൃഷ്ടികളും സ്യൂട്ടിന് ഭംഗിയേകുന്നു.

വലിയ റിസപ്ഷന്‍ ഏരിയ, ലിവിങ് റൂം, സ്റ്റഡി റൂം, മയിലിന്റെ പ്രമേയത്തില്‍ 12 സീറ്റുള്ള സ്വകാര്യ ഡൈനിങ് റൂം, പേള്‍ കൊണ്ടുള്ള ഉപകരണങ്ങളടങ്ങുന്ന ബാത്ത് റൂം, മിനി സ്പാ, ജിംനേഷ്യം എന്നിവയെല്ലാം ഈ സ്യൂട്ടിലുണ്ട്. എല്ലായ്‌പ്പോഴും മികച്ച വായുനിലവാരം ഉറപ്പുവരുത്താനും ഇവിടെ സംവിധാനമുണ്ട്.

ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രംപ് ഹോട്ടലിലുള്ള ദിവസം മറ്റ് അതിഥികള്‍ക്ക് അവിടെ തങ്ങാനാവില്ല. പഞ്ചനക്ഷത്ര ഹോട്ടലിന്റെ 438 മുറികളും ട്രംപിനും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഹോട്ടലിലെ ഓരോ നിലയിലും പോലീസുകാര്‍ സാധാരണ വേഷത്തില്‍ പട്രോളിങ് നടത്തും. യു.എസിന്റെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി സഹചരിച്ചാണ് ഡല്‍ഹി പോലീസിന്റെ സുരക്ഷാവിഭാഗം പ്രവര്‍ത്തിക്കുക.

വിദേശത്തെ വി.ഐ.പി.കള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ സുരക്ഷയൊരുക്കുന്നതില്‍ വിദഗ്ധരാണ് ഡല്‍ഹി പോലീസിന്റെ ഈ വിഭാഗം. ഹോട്ടലിന്റെ ലോബി, ലോണ്‍, പൂള്‍, പാര്‍ക്കിങ് മേഖലയിലും വലിയ സുരക്ഷാ സംവിധാനങ്ങളുണ്ട്. ഹോട്ടലിന്റെ എതിര്‍ഭാഗത്തുള്ള വനമേഖലയിലും പോലീസ് സന്നാഹം ശക്തമായിരിക്കും. ഐ.ടി.സി. മൗര്യ ഹോട്ടലില്‍ രണ്ടാഴ്ച മുന്‍പു തന്നെ എന്‍.എസ്.ജി. കമാന്‍ഡോകളും ഡല്‍ഹി പോലീസും സുരക്ഷാ നിരീക്ഷണം നടത്തിവരികയാണ്. ഹോട്ടലിന്റെ ഓരോ നിലയിലും പ്രതിദിനമെന്നോണം സുരക്ഷാപരിശോധന നടത്തുന്നുണ്ട്.

ആറ് ജില്ലകളില്‍ നിന്നുമുള്ള പോലീസുകാരും കേന്ദ്ര സായുധ പോലീസ് സേനയുടെ 40 കമ്പനികളും സുരക്ഷയൊരുക്കുന്നുണ്ട്. ഐ.ടി.സി. മൗര്യ ഹോട്ടല്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ പട്ടേല്‍ മാര്‍ഗില്‍ ഹൈ ഡെഫനിഷന്‍ സി.സി.ടി.വി. ക്യമാറകള്‍ നൂറുകണക്കിന് സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ഒബാമ വന്നപ്പോള്‍ 605 സി.സി.ടി.വി. ക്യമാറകള്‍ വാടകയ്ക്കെടുത്ത് സ്ഥാപിക്കാനും പിന്നീട് അഴിച്ചുമാറ്റാനുമായി ഡല്‍ഹി പോലീസിന് ഒരു കോടി രൂപ ചെലവായിരുന്നു. ഇറാനും യു.എസും തമ്മില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ സന്ദര്‍ശനം എന്നതിനാല്‍ സുരക്ഷ ഇത്തവണ കൂടുതല്‍ ശക്തമാണ്.

പരമ്പരാഗത വരവേല്‍പ്പാകും ട്രംപിന് നല്‍കുക. ട്രംപിനെയും ഭാര്യ മെലാനിയയേയും പരമ്പരാഗത രീതിയില്‍ പൊട്ടുതൊട്ടും മാലചാര്‍ത്തിയുമാണ് താലപ്പൊലിയോടെ സ്വീകരിക്കുക. തിങ്കളാഴ്ച രാത്രിയാണ് പഞ്ചനക്ഷത്ര ഹോട്ടലായ ഐ.ടി.സി. മൗര്യയില്‍ ഇവരെത്തുക. ഹോട്ടല്‍ മുഴുവനും കൂപ്പുകൈ ചിഹ്നത്തോടെ നമസ്തേ എന്ന പ്രമേയത്തില്‍ ഒരുക്കിയിട്ടുണ്ട്. നമസ്തേ ട്രംപ് എന്ന ബ്രാന്‍ഡിലാണ് ട്രംപിന് ഇന്ത്യയില്‍ വരവേല്‍പ്പ് എന്നതിനാലാണത്. പരമ്പരാഗത വേഷമണിഞ്ഞ വനിതകളാണ് ട്രംപിനേയും പത്നിയേയും ഹോട്ടലില്‍ സ്വീകരിക്കുക. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയ മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയ്ക്കും സമാനമായ സ്വീകരണം നല്‍കിയിരുന്നു. ചാണക്യ എന്ന ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് റൂമാണ് ട്രംപിന് നല്‍കുന്നത്. യു.എസിന്റെ മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് എന്നിവര്‍ക്കും ഇതേ സ്യൂട്ടാണ് നല്‍കിയിരുന്നത്. ട്രംപിന്റെ മകള്‍ ഇവാങ്കയും ഭര്‍ത്താവ് ജാറെദ് കുഷ്‌നറും ഒപ്പമെത്തുന്നുണ്ട്.

SHARE