വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

വനിതാ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ആവേശ ജയം. വിജയത്തിന്റെ വക്കില്‍നിന്ന് വിന്‍ഡീസിനെ തോല്‍വിയിലേക്കു തള്ളിയിട്ട ഇന്ത്യന്‍ വനിതകള്‍ രണ്ടു റണ്‍സിന്റെ നേരിയ വ്യത്യാസത്തിനാണ് ജയിച്ചു കയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് വനിതകള്‍ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അവസാന രണ്ട് ഓവറില്‍ അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ വിന്‍ഡീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 30 റണ്‍സായിരുന്നു. രാജേശ്വരി ഗെയ്ക്‌വാദ് എറിഞ്ഞ 19–ാം ഓവറാണ് കളി ആവേശകരമാക്കിയത്. ഈ ഓവറില്‍ വിന്‍ഡീസ് താരങ്ങളായ ഹെയ്ലി മാത്യൂസും ഷിനേലെ ഹെന്റിയും ചേര്‍ന്ന് അടിച്ചെടുത്തത് 19 റണ്‍സ്. ആദ്യ മൂന്ന് ഓവറില്‍ വെറും ആറു റണ്‍സ് മാത്രം വഴങ്ങിയ സ്ഥാനത്താണ് ഗെയ്ക്‌വാദ് അവസാന ഓവറില്‍ 19 റണ്‍സ് വഴങ്ങിയത്. ഹെന്റി രണ്ടു ഫോറുകള്‍ നേടിയപ്പോള്‍ മാത്യൂസ് ഓരോ സിക്‌സും ഫോറും കണ്ടെത്തി. ഇതോടെ പൂനം യാദവ് എറിഞ്! അവസാന ഓവറില്‍ വിന്‍ഡീസിന് വിജയത്തിലേക്ക് 11 റണ്‍സ് എന്ന നിലയിലെത്തി.

അവസാന ഓവറിന്റെ ആദ്യ മൂന്നു പന്തുകളില്‍നിന്ന് ഒരു ഫോര്‍ സഹിതം ഏഴു റണ്‍സെടുത്ത ഹെന്റി, വിന്‍ഡീസിന്റെ വിജയലക്ഷ്യം അവസാന മൂന്നു പന്തില്‍ നാലു റണ്‍സായി കുറച്ചു. എന്നാല്‍, നാലാം പന്തില്‍ ഹെയ്!ലി മാത്യൂസിനെ ടാനിയ ഭാട്യയുടെ കൈകളിലെത്തിച്ച പൂനം യാദവ്, അവസാന പന്തില്‍ ഷിനേലെ ഹെന്റിയെ വേദ കൃഷ്ണമൂര്‍ത്തിയുടെ കൈകളിലെത്തിച്ചു. അഞ്ചാം പന്തില്‍ നേടിയ ഒരു റണ്‍ കൂടി ചേര്‍ത്ത് വിന്‍ഡീസിന് അവസാന ഓവറില്‍ നേടാനായത് എട്ടു റണ്‍സ് മാത്രം. ഇന്ത്യന്‍ വിജയം രണ്ടു റണ്‍സിന്.

41 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 42 റണ്‍സെടുത്ത ഓപ്പണര്‍ ലീ ആന്‍ കിര്‍ബിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്രന്‍ സ്റ്റഫാനി ടെയ്!ലര്‍ (24 പന്തില്‍ 16), ഹെയ്!ലി മാത്യൂസ് (21 പന്തില്‍ 25), ഷിനേലെ ഹെന്റി (10 പന്തില്‍ 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി പൂനം യാദവ് നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ശിഖ പാണ്ഡെ, ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ, ഓപ്പണര്‍ സ്മൃതി മന്ഥന വെറും നാലു റണ്‍സോടെയും ജമീമ റോഡ്രിഗസ് റണ്ണൊന്നുമെടുക്കാതെയും പുറത്തായതോടെ പുറത്തായതോടെ 17 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക് വാലറ്റത്ത് ശിഖ പാണ്ഡെ നടത്തിയ കടന്നാക്രമണമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ശിഖ 16 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. ഷഫാലി വര്‍മ (11 പന്തില്‍ 12), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (16 പന്തില്‍ 11), ദീപ്തി ശര്‍മ (32 പന്തില്‍ 21), പൂജ വസ്ത്രാകാര്‍ (15 പന്തില്‍ 13), ടാനിയ ഭാട്യ (15 പന്തില്‍ 10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

Similar Articles

Comments

Advertismentspot_img

Most Popular