പരിശീലന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 263 റണ്‍സിനു പുറത്ത്; രണ്ടക്കം തികച്ചത് മൂന്നുപേര്‍ മാത്രം

ന്യൂസിലന്‍ഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 263 റണ്‍സിനു പുറത്ത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന മത്സരത്തിലാണ് ഇന്ത്യ 263ന് പുറത്തായത്. ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കടന്നത്. 101 റണ്‍സെടുത്ത ഹനുമ വിവാരി ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. ന്യൂസിലന്‍ഡ് ഇലവനു വേണ്ടി സ്‌കോട്ട് കുഗ്ഗള്‍ജിനും ഇഷ് സോധിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടെസ്റ്റ് പരമ്പരയില്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പൃഥ്വി ഷായും ശുഭ്മന്‍ ഗില്ലും തിളങ്ങിയില്ല എന്നതാണ് ഏറെ തലവേദന. ഓപ്പണിംഗില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള മായങ്ക് അഗര്‍വാളും വേഗം പുറത്തായി. പൃഥ്വി ഷായും ശുഭ്മന്‍ ഗില്ലും റണ്ണെടുക്കാതെ പുറത്തായപ്പോള്‍ അഗര്‍വാളിന്റെ സമ്പാദ്യം ഒരു റണ്‍ മാത്രമാണ്. ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലും ന്യൂസിലന്‍ഡ് എക്കെതിരായ പരമ്പരയിലും അഗര്‍വാള്‍ മോശം ഫോമിലായിരുന്നു. ഇത് ഇന്ത്യക്ക് കടുത്ത തലവേദന സൃഷ്ടിക്കും. പൃഥ്വി ഷായും നല്ല ഫോമിലല്ല. ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ 40 ആണ് ഷായുടെ ഉയര്‍ന്ന സ്‌കോര്‍. ന്യൂസിലന്‍ഡ് എക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ ഗില്ലാണ് ഒരു ആശ്വാസം. ഈ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും അഗര്‍വാളിനൊപ്പം ഗില്‍ ഓപ്പണ്‍ ചെയ്‌തേക്കും.

ഋഷഭ് പന്ത് (7), വൃദ്ധിമാന്‍ സാഹ (0) എന്നീ ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. സാഹയെ മറികടന്ന് ഫൈനല്‍ ഇലവനില്‍ എത്താനുള്ള അവസാന അവസരം പന്ത് കളഞ്ഞു കുളിച്ചതു കൊണ്ട് തന്നെ സാഹയുടെ ഈ പ്രകടനം ടെസ്റ്റ് പരമ്പരയില്‍ പ്രതിഫലിക്കാന്‍ സാധ്യതയില്ല. പന്ത് തന്നെ പുറത്തിരിക്കും.

ഹനുമ വിഹാരിക്കൊപ്പം ചേതേശ്വര്‍ പൂജാരയും (93) മത്സരത്തില്‍ മികച്ച ബാറ്റിംഗ് കാഴ്ച വെച്ചു. അത് ഇന്ത്യക്ക് ഊര്‍ജ്ജമാവും. അജിങ്ക്യ രഹാനെ (18), ഉമേഷ് യാദവ് (9*), രവീന്ദ്ര ജഡേജ (8), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

SHARE