കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ചൈനയില്‍നിന്നെത്തിയ മലയാളി വിദ്യര്‍ഥിനിക്ക്

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനിക്കാണ് രോഗം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. രോഗിയെ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. രോഗിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റിപ്പോര്‍ട്ടിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തലസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ചു. യോഗത്തിന് ശേഷം മൂന്ന് മണിക്ക് ആരോഗ്യ മന്ത്രി വാര്‍ത്താസമ്മേളനം നടത്തും.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായി നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ വൈറസിനെതിരായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ജനിതക ഘടന ഇതിനായി ചൈന റഷ്യക്ക് കൈമാറിക്കഴിഞ്ഞു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വേണ്ടി ചര്‍ച്ചകള്‍ നടക്കുകയാണ്. വുഹാനിലുള്ള ഇന്ത്യയിലേക്ക് മടങ്ങേണ്ട എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ എംബസി സമ്മത പത്രം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തിരികെയെത്തിയാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സമ്മത പത്രമാണ് ഇന്ത്യക്കാര്‍ക്ക് കൈമാറിയിട്ടുള്ളത്.

ഇന്ത്യയുടെ കണക്ക് പ്രകാരം 250ലേറെ ആളുകള്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതില്‍ മലയാളികളുമുണ്ട്. ഇവരില്‍ നല്ല ഒരു പങ്കും വിദ്യാര്‍ത്ഥികളാണ്. ചൈനയിലേക്ക് പോകാന്‍ വേണ്ടി എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ സജ്ജമാക്കി വച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് പോകുവാന്‍ എപ്പോള്‍ കഴിയുമെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇന്ത്യയെക്കൂടാതെ അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും വിമാനം തയ്യാറാക്കി കാത്തിരിക്കുകയാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

* ചൈനയിലേക്ക് ആരും പോകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

* ചൈനയിലുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ ആരോഗ്യനില പരിശോധിക്കണം.

* പുണെ, ആലപ്പുഴ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പരിശോധനാസംവിധാനം സജ്ജം.

* ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവരവിനിമയ കേന്ദ്രം തുറന്നു. 011-23978046 ആണ് നമ്പര്‍.

* കേന്ദ്ര ആരോഗ്യമന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ ബുധനാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി ചര്‍ച്ചനടത്തി.

* നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

* വിമാനത്താവളങ്ങളില്‍ ആംബുലന്‍സുകള്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കി.

* ആശുപത്രികളില്‍ ഐസലോഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തിപരമായ സംരക്ഷണ ഉപകരണങ്ങളും മുഖാവരണങ്ങളും തയ്യാറാണ്. ഇതേക്കുറിച്ചുള്ള കണക്കുകള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular