കൊറോണ രോഗിയെ ചികിത്സിക്കാന്‍ ‘കുഞ്ഞപ്പന്‍’ തന്നെ ശരണം.

മലയാളി സിനിമാ ആസ്വാദകര്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അടുത്തിടെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം. വീട്ടില്‍ ആരുമില്ലാതായപ്പോള്‍ സഹായിക്കാന്‍ മകന്‍ കൊണ്ടുവന്ന റോബോട്ടിന് കുഞ്ഞപ്പന്‍ എന്ന പേരിട്ടാണ് വിളിക്കുന്നത്. എന്ത് സഹായത്തിനും കുഞ്ഞപ്പന്‍ റെഡിയാണ്. തുടര്‍ന്ന് ആ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍. ഇപ്പോള്‍ ഇത് ഇവിടെ പറയാന്‍ കാരണം… ലോകം കൊറോണ വൈറസിന്റെ ഭീതിയിലാണ്. കൊറോണ ബാധിക്കുന്നവരെ ചികിത്സിക്കാന്‍ അമേരിക്ക ചെയ്യുന്നത് ഇങ്ങനെയാണ്. അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ നമ്മുടെ കുഞ്ഞപ്പനെ പോലുള്ള റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈറസ് പകരുന്നത് തടയാനാണ് റോബോട്ടുകളെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍ വ്യക്തമാക്കി. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതെന്നും അധികൃതര്‍ വിശദീകരിച്ചു.

മുപ്പതുകാരനായ രോഗി വാഷിങ്ടണ്ണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈന സന്ദര്‍ശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.

സ്റ്റെതസ്‌കോപ്പും, ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ. ജോര്‍ജ് ഡയസിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സ ഫലപ്രദമാണെന്നും ബുദ്ധിമുട്ടുകളില്ലെന്നും സിഡിസി അധികൃതര്‍ വ്യക്തമാക്കി.

ഐസൊലേഷനില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അതീവസുരക്ഷയ്ക്കായി ഐസോപ്പോഡ് സംവിധാനത്തിലാണ് ചികിത്സ. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള അതീവ സുരക്ഷാവസ്ത്രങ്ങളും ഹെല്‍മെറ്റും ധരിച്ച സുരക്ഷാജീവനക്കാര്‍ ഐസോലേഷന്‍ റൂമില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular