യാത്ര, പ്രവേശനം സൗജന്യം; റെയിന്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് കുമരകം ഒരുങ്ങി

കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിൻ നേച്ചർ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ കെ.കേശവൻ, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.വി ബിന്ദു, എന്നിവർ പങ്കെടുത്തു. ജനുവരി 24 മുതൽ 26 വരെ കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലാണ് രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഫെസ്റ്റിവലിന് പ്രവേശനം സൗജന്യമായിരിക്കും. 

ഞായറാഴ്ച നടന്ന സംഘാടക സമിതി യോഗത്തിൽ പഞ്ചായത്തിന്റെയും, കുടുംബശ്രീയുടെയും, കുമരകത്തെ ടൂറിസം മേഖലയുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കുമരകം ഗ്രാമപഞ്ചായത്ത്, ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഫിലിം ഫെസ്റ്റിവലിനെ കുമരകത്തെ ഏറ്റവും വലിയ ഉത്സവമാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 
ഫെസ്റ്റിവലിൽ എത്തുന്ന വിദേശ പ്രതിനിധികൾക്ക് നാലു ഹൗസ് ബോട്ടുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനാണ് ഈ ഹൗസ് ബോട്ടുകൾ ഇവർക്കായി ക്രമീകരിച്ചിരിക്കുന്നത്.

നാഗമ്പടം, ചെങ്ങളം, ബോട്ട് ജെട്ടി, കവണാറ്റിൻകര, എന്നിവിടങ്ങളിലും ഫെസ്റ്റിവൽ വേദിയിലും കമാനങ്ങളും, അലങ്കാര ദീപങ്ങളും സ്ഥാപിക്കും. വേമ്പനാട് ചേംബർ ഓഫ് കൊമേഴിസിന്റെ നേതൃത്വത്തിൽ ദീപാലങ്കാരങ്ങൾ ഒരുക്കുമ്പോൾ, വിവിധ ബാങ്കുകളാണ് കമാനങ്ങൾ ക്രമീകരിക്കുന്നത്.  ഫെസ്റ്റിവലിന് എത്തുന്ന നൂറോളം വിദ്യാർത്ഥി പ്രതിനിധികൾക്കു കുമരകത്തെ വിവിധ ക്ലബുകളിലും റിസോർട്ടുകളിലും താമസം ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദേശാനുസരണം, കുടുംബശ്രീയാണ് ഫിലിം ഫെസ്റ്റിവലിന് എത്തുന്ന പ്രതിനിധികൾക്കെല്ലാം ഭക്ഷണം ഒരുക്കുന്നത്.

ഫെസ്റ്റിവലിന് എത്തുന്ന പ്രതിനിധികൾക്ക് ഫെസ്റ്റിവൽ ദിവസം രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ യാത്ര ചെയ്യുന്നതിനു ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ യാത്രയ്ക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്നു ഫെസ്റ്റിവൽ വേദിയിലേയ്ക്കും, തിരികെയുമുള്ള യാത്ര സൗജന്യമായിരിക്കും. ഫെസ്റ്റിവൽ ദിവസങ്ങളിൽ വൈകിട്ട് പ്രതിനിധികൾക്കായി കായലോരത്ത് നടത്തുന്ന ചലച്ചിത്ര പ്രദർശനത്തിനൊപ്പം, കേരള നടനവും ഭരതനാട്യവും അരങ്ങേറും. ഫെസ്റ്റിവലിന്റെ വിളംബരത്തിന്റെ ഭാഗമായി പ്രദേശവാസികൾക്കുള്ള വിളംബര യാത്ര 22 നും 23 നും നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular