ഇവിടെ ഇങ്ങനെയാണ്‌ ; ദൈവ നിന്ദ നടത്തി; പ്രൊഫസർക്ക് വധ ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി

സാമൂഹിക മാധ്യമങ്ങളിലൂടെ ദൈവനിന്ദ നടത്തിയതിന് അറസ്റ്റിലായ പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. പ്രൊഫസർ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് കോടതി വിധിച്ചത്. പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് 2013-ലാണ് ഹഫീസ് അറസ്റ്റിലാകുന്നത്.

മുള്‍ട്ടാനിലെ സെന്‍ട്രല്‍ ജെയിലില്‍ വെച്ചാണ്‌ ഹഫീസിന് വധശിക്ഷ വിധിച്ചത്. വിചാരണ നടന്നിരുന്ന മുള്‍ട്ടാണ്‍ ജയിലിന് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അറസ്റ്റ് നടക്കുമ്പോള്‍ മുള്‍ട്ടാനില്‍ പ്രൊഫസറായിരുന്നു ഹഫീസ്. അത്യധികം ദൗര്‍ഭാഗ്യകരം എന്നാണ് വിധിയെ ഹഫീസിന്റെ അഭിഭാഷകന്‍ ആസാദ് ജമാല്‍ വിശേഷിപ്പിച്ചത്. എന്നാൽ, ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ മധുരം വിതരണം ചെയ്താണ് വിധിയെ സ്വാഗതം ചെയ്തത്‌. വിധിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ അസിം ചൗധരി അഭിനന്ദിച്ചു. സത്യത്തിന്റെയും ധര്‍മത്തിന്റെയും വിജയമെന്നാണ് സഹ അഭിഭാഷകനായ ഐറാസ് അലി വിധിയെ വിശേഷിപ്പിച്ചത്.

വിധിയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. വിധി നീതിന്യായ വ്യവസ്ഥിതിയുടെ തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും അത്യധികം നിരാശാജനകമാണെന്നും അത്ഭുതപ്പെടുത്തുന്നതാണെന്നും ആംനെസ്റ്റി വക്താവ് റാബിയ മെഹമൂദ് പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ ഹഫീസിനെ മോചിപ്പിക്കുമെന്നും അവര്‍ ആവശ്യപ്പെട്ടു. 2014-ല്‍ ഹഫീസിന്റെ അഭിഭാഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഹഫീസിന് വേണ്ടി ഹാജരായതിനാല്‍ ഇദ്ദേഹത്തിന് നിരവധി വധഭീഷണികളാണ് നേരിടേണ്ടി വന്നിരുന്നത്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുഎന്‍ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം പാകിസ്താനില്‍ നാല്‍പതോളം പേരെ ദൈവനിന്ദയുടെ കേസില്‍ വധശിക്ഷയ്ക്ക വിധിച്ചിട്ടുണ്ട്.

SHARE