ബിജെപിക്ക് പണി കൊടുക്കാം; പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെ നിയമം നടപ്പാക്കാതിരിക്കാന്‍ രണ്ട് മാര്‍ഗങ്ങളുമായി ജനതാ ദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് പ്രശാന്ത് കിഷോര്‍. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്‌ട്രേഷനും നടപ്പാക്കുന്നത് തടയാന്‍ ഫലപ്രദമായ രണ്ട് മാര്‍ഗങ്ങള്‍ എന്ന മുഖവുരയോടെയാണ് ട്വിറ്ററില്‍ ആശയം പങ്കുവച്ചത്.

എല്ലാ മേഖലകളിലും ശക്തമായി സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിക്കുക, 16 സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനത്ത് നിയമം നടപ്പാക്കാന്‍ സാധിക്കില്ല എന്ന പ്രഖ്യാപിക്കുക. ബാക്കിയെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും വെറും പ്രീണന പ്രഹസനം മാത്രമാണ് ഇതായിരുന്നു പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണു പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത്. ബിജെപിയെ കടന്നാക്രമിക്കുകയും ചെയ്തു. 2014ല്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിന് പ്രശാന്ത് കിഷോറിന്റെ ഉപദേശക സ്ഥാപനമായ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐപാക്) സുപ്രധാന പങ്ക് വഹിച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാര്‍ ഈ നിയമം നടപ്പാക്കില്ലെന്ന് സൂചിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് നിതീഷ് കുമാറിനോട് ചോദ്യമുന്നയിച്ചപ്പോള്‍ ‘എന്ത് എന്‍ആര്‍സി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയ പൗരത്വ റജിസ്റ്റര്‍ വിവേചനപരമാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. പൗരത്വ രജിസ്‌ട്രേഷന്‍ ബിഹാറില്‍ നടപ്പാക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതേ നിലപാടു തന്നെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനും. കോണ്‍ഗ്രസ് തെരുവുകളിലില്ല. ഉന്നത നേതാക്കന്‍മാരെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നിയമം നടപ്പാക്കില്ലെന്നറിയിച്ച മുഖ്യമന്ത്രിമാരോടൊപ്പം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് കോണ്‍ഗ്രസിന് മുന്‍കൈ എടുക്കാമായിരുന്നു എന്നും പ്രശാന്ത് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular