കോഹ് ലിയോട് കണക്ക് തീര്‍ത്ത്‌ കെസ്രിക് വില്യംസ്

തിരുവവന്തപുരം: കോഹ് ലിയോട് കണക്ക് തീര്‍ത്ത്‌ കെസ്രിക് വില്യംസ്. ഹൈദരാബാദില്‍ കോലിയുടെ ബാറ്റില്‍ നിന്ന് അടി വാങ്ങിക്കൂട്ടിയ കെസ്രിക് വില്യംസ് കാര്യവട്ടത്ത് തിരിച്ചടിച്ചു. രണ്ടാം ടി20യില്‍ നിര്‍ണായക സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വീഴ്ത്തിയാണ് വില്യംസ് ഹൈദരാബാദിലെ നാണക്കേട് മായ്ച്ചത്. 17 പന്തില്‍ 19 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

വിക്കറ്റെടുത്താല്‍ നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്താറുള്ള വില്യംസിനെ കണക്കിന് പ്രഹരിച്ചശേഷം കോലി നോട്ട് ബുക്ക് സെലിബ്രേഷന്‍ നടത്തിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത്തവണ മലയാളികള്‍ക്ക് മുന്നില്‍ കോലിയുടെ വിക്കറ്റെടുത്തശേഷം നോട്ട് സെലിബ്രേഷന് വില്യംസ് മുതിര്‍ന്നില്ല. പകരം ചുണ്ടില്‍ വിരല്‍വെച്ച് പന്ത് കൊണ്ടാണ് മറുപടിയെന്ന ആംഗ്യം മാത്രം കാട്ടി.

കഴിഞ്ഞ മത്സരത്തില്‍ 3.4 ഓവറില്‍ 60 റണ്‍സ് വഴങ്ങി ഒരു ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന വിന്‍ഡീസ് താരമെന്ന നാണക്കേടിന്റെ റെക്കോഡ് സ്വന്തം പേരിലാക്കിയ വില്യംസ് തിരുവനന്തപുരത്ത് നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് കോലിയുടെയും ജഡേജയുടെയും വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.

SHARE