രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക നില സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉയര്‍ത്തിയ വിമര്‍ശത്തിന് മറുപടി നല്‍കാനില്ലെന്നും അവര്‍ പറഞ്ഞു.

പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളതര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വാഗതം ചെയ്യും.

ജി.എസ്.ടി നിരക്ക് കുറയ്ക്കല്‍ തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ല. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്ന ആരോപണവുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനനുമായ ഡോ. മന്‍മോഹന്‍സിങ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.

നിലവിലുള്ള സാഹചര്യം ദീര്‍ഘകാല മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് ഡോ. മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു. ജി.എസ്.ടിയുടെ ആഘാതത്തില്‍നിന്ന് രാജ്യത്തിന് ഇനിയും കരകയറാനായിട്ടില്ല. ഈ സാഹചര്യത്തില്‍ അടിക്കടി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് ഉചിതമല്ല. ഈ പാതയില്‍ തുടരാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. മനുഷ്യ നിര്‍മിതമായ പ്രതിസന്ധിയില്‍നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ പ്രതികാര രാഷ്ട്രീയം മാറ്റിവെക്കണമെന്നും വിവേകപൂര്‍ണമായ ചിന്തകളിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular