ഇന്നു മുതല്‍ കനത്ത പിഴ; ചൊവ്വാഴ്ച മുതല്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന മോട്ടോര്‍വാഹന നിയമഭേദഗതി ഞായറാഴ്ച നിലവില്‍വരും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

30 വര്‍ഷത്തിനുശേഷമാണ് മോട്ടോര്‍വാഹന നിയമത്തില്‍ ഇത്ര വിപുലമായ ഭേദഗതികള്‍. ഉയര്‍ന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നതെന്നും ജനങ്ങള്‍ ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു. 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 14,076 അപകടങ്ങളാണുണ്ടായി. ഇതില്‍ 1203 ജീവനുകള്‍ പൊലിഞ്ഞു. വര്‍ഷം ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിയമവും പിഴയും കര്‍ശനമാക്കാതെ വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഉയര്‍ന്ന പിഴയായതിനാല്‍ വാഹന ഉടമയുടെ കൈയില്‍ പണമില്ലെങ്കില്‍ പി.ഒ.എസ്. മെഷിനുകള്‍ (പോയന്റ് ഓഫ് സെയില്‍/സൈ്വപ്പിങ്) വഴിയും പണമടയ്ക്കാന്‍ സൗകര്യമൊരുക്കും. പിഴയടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമുണ്ടാകും. ആര്‍.സി. ബുക്ക് ഈടായി നല്‍കി പിന്നീട് ഓഫീസിലെത്തി പണമടയ്ക്കാനും സാധിക്കും. ഇതിനൊന്നും തയ്യാറാകാത്തപക്ഷം വാഹനം പിടിച്ചെടുക്കും. നിയമപ്രകാരം വാഹനമുടമയ്ക്ക് കേസ് നടത്താം.

ലൈസന്‍സ് റദ്ദാക്കുംവിധം ഗുരുതര ഗതാഗതക്കുറ്റങ്ങള്‍ ചെയ്താല്‍ ലൈസന്‍സ് തിരികെ ലഭിക്കാന്‍ റിഫ്രഷ്മെന്റ് കോഴ്സും സാമൂഹികസേവനവും നിര്‍ബന്ധമാക്കും. കേന്ദ്ര നിയമത്തില്‍ ഇക്കാര്യം വ്യവസ്ഥചെയ്യുന്നുണ്ട്. സാമൂഹികനീതി വകുപ്പുമായും ആരോഗ്യവകുപ്പുമായും കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. ആശുപത്രികളിലെ സേവനം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയവയാണ് സാമൂഹികസേവനം കൊണ്ടുേദ്ദശിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കും ഇതു ബാധകമാക്കും.

ഡീലര്‍മാര്‍ തെറ്റായവിവരങ്ങള്‍ കാണിച്ച് വാഹനം രജിസ്റ്റര്‍ ചെയ്താല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷംവരെ തടവോ വാര്‍ഷിക നികുതിയുടെ പത്തിരട്ടിയോളം പിഴയോ ഡീലര്‍മാര്‍ക്ക് ചുമത്തും.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ ആറുമാസത്തില്‍ കുറയാതെ ഒരുവര്‍ഷംവരെ തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. റെഡ് ലൈറ്റ് മറികടക്കല്‍, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടകരമായ ഓവര്‍ടേക്, വണ്‍വേ തെറ്റിക്കുക എന്നിവയാണ് അപകടകരമായ രീതികൊണ്ട് അര്‍ഥമാക്കുന്നത്. കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് സംസാരിച്ചുകൊണ്ടു ഡ്രൈവ് ചെയ്യുന്നതാണ് കുറ്റകരമാക്കിയിട്ടുള്ളത്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000 രൂപയാണ് പിഴ.

പിന്നില്‍ ഇരുന്നുയാത്രചെയ്യുന്നവര്‍ക്കും ഇരുചക്രവാഹനയാത്രയ്ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും. മുന്നിലിരിക്കുന്ന കുട്ടികള്‍ക്കും ഹെല്‍മെറ്റ് ഉണ്ടാവണം

ഡി.ജി.പി.മാരടക്കമുള്ള വി.ഐ.പി.കളുടെ വാഹനങ്ങളുടെ ഉള്‍വശം കര്‍ട്ടനിട്ട് മറയ്ക്കുന്നതും നിയമലംഘനമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വിന്‍ഡോ ഗ്ലാസുകള്‍ അടക്കമുള്ളവ അമ്പതുശതമാനം സുതാര്യമായിരിക്കണം. എന്നാല്‍ ഐ.എ.എസുകാരും ഐ.പി.എസുകാരും അടക്കമുള്ള വി.ഐ.പികളില്‍ പലരും ഔദ്യോഗിക വാഹനങ്ങളുടെ ഉള്ളില്‍പ്പോലും കര്‍ട്ടന്‍ ഉപയോഗിച്ചാണ് ഈ നിയമം മറികടക്കുന്നത്.

കര്‍ട്ടന്‍ ഉപയോഗിക്കുന്നതും നിയമലംഘനമാണെന്ന ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറി വിശദീകരണം തേടി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ വാഹനങ്ങളില്‍ സുരക്ഷാകാരണങ്ങളാലായിരിക്കാം സുതാര്യമല്ലാത്ത മറ ഉപയോഗിച്ചിട്ടുള്ളതെന്ന് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular