തുഷാറിന് ജാമ്യം ലഭിച്ചു; യുഎഇ വിട്ടുപോകാനാവില്ല; ജയില്‍ മോചനം എം.എ. യൂസഫലിയുടെ ഇടപെടലിലൂടെ

അജ്മാന്‍: ചെക്ക് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചെങ്കിലും സിവില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാകും വരെ യുഎഇ വിട്ടുപോകാനാവില്ല. തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി പിടിച്ചുവെച്ചിരിക്കുകയാണ്. പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലാണ് ജയില്‍ മോചനം എളുപ്പത്തിലാക്കിയത്.

അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. എം.എ യൂസഫലിയുടെ അഭിഭാഷകനാണ് കേസില്‍ തുഷാറിന് വേണ്ടി വാദിച്ചത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. ജയിലില്‍ നിന്നിറങ്ങിയ ശേഷം അജമാനിലെ ഹോട്ടലിലേക്കാണ് അദ്ദേഹം എത്തിയത്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് മുതിരില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ജയില്‍ മോചിതനായ ശഷം തുഷാര്‍ വെള്ളാപള്ളി പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് ചൊവ്വാഴ്ച തുഷാറിനെ അറസ്റ്റ് ചെയ്തത്. ഈ ചെക്കിന് നിയമ സാധുത ഇല്ലെന്നാണ് തുഷാറിന്റെ നിലപാട്. നാസില്‍ അബ്ദുള്ളയ്ക്ക് പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കിയെന്നും എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതിച്ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണെന്നും തുഷാര്‍ പറയുന്നു. അതേസമയം പണം ലഭിക്കാതെ കേസില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള.

Similar Articles

Comments

Advertismentspot_img

Most Popular