ഇത്തവണ സാലറി ചലഞ്ച് ഇല്ല; പ്രളയബാധിതര്‍ക്ക് ധനസഹായം ഓണത്തിന് മുന്‍പ് നല്‍കും

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ സഹായധനം നല്‍കുക. ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു.

ഇത്തവണ പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസറുടേയും നേതൃത്വത്തില്‍ പട്ടിക തയ്യാറാക്കി പരിശോധന നടത്തിയ ശേഷം മാത്രമേ അര്‍ഹരായവരെ തിരഞ്ഞെടുക്കാവൂ എന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ തീരുമാനം. എന്നാല്‍ എത്ര ദിവസത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ലായിരുന്നു.

ജില്ലാടിസ്ഥാനത്തില്‍ മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും അര്‍ഹതപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുക. ഇതിന് മന്ത്രിമാര്‍ നേരിട്ടെത്തി നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കഴിഞ്ഞ തവണ ചെയ്തതുപോലെ സാലറി ചലഞ്ച് വഴി ഒരുമാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കേണ്ടതില്ല. എന്നാല്‍ ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ബോണസ് പഴയപടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഓണാഘോഷം ചെലവുചുരുക്കി നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായകരമാണ് ഓണാഘോഷം. അതിനാല്‍ കഴിഞ്ഞ തവണ ഓണാഘോഷം നിര്‍ത്തിവെച്ചതുപോലുള്ള കര്‍ശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular