മഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കളക്ടർ

കാക്കനാട്: ജില്ലയിൽ മഴ തുടരുന്നുവെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു.ഇടമലയാർ ഡാമിന്റെ ഫുൾ റിസർവോയർ ലെവൽ 169 മീറ്റർ ആണ്. നിലവിൽ ഇടമലയാർ ഡാമിൽ 138.96 മീറ്റർ ആണ് ജലനിരപ്പ്. ഡാമിന്റെ ഫുൾ റിസർവോയർ ലെവലിന്റെ 33.15 ശതമാനം മാത്രമാണ് ജലനിരപ്പ്.അതിനാൽ ഡാം തുറന്ന് വിടാൻ സാധ്യതയില്ല.

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകൾക്ക് മാറ്റമില്ല.

പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളായ
പുത്തൻവേലിക്കര, കുന്നുകര,ആലങ്ങാട്‌, കരിമാലൂർ, ചേന്ദമംഗലം എന്നിവിടങ്ങളിൽ ജാഗ്രത നിരീക്ഷണത്തിനായി പ്രത്യേക സ്ക്വാഡിനെ നിയമിച്ച് ഉത്തരവായി. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ടുകളുടെ പൂൾ തയാറാക്കിയിട്ടുണ്ട്. ടോറസുകളുടെ ലിസ്റ്റും തയാറാക്കിക്കഴിഞ്ഞു.

പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് ബാധിക്കപ്പെടുന്ന പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാൻ വേണ്ട നടപടി സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി. മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിൽ ക്വാറിയുടെ പ്രവർത്തനം നിലവിൽ 48 മണിക്കൂർ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കാല മുൻകരുതലിന്റെ ഭാഗമായി കളക്ടറുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ പഞ്ചായത്തംഗം ഡോളി കുര്യാക്കോസ്, ജലവിഭവ വകുപ്പ് അധികൃതർ , ആരോഗ്യ വകുപ്പ് അധികൃതർ , റെവന്യു വകുപ്പ് , അഗ്നി രക്ഷാ – പോലീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മഴ സംബന്ധമായ വിവരങ്ങൾക്ക് കളക്ടറുടെ ഫേസ് ബുക്ക് പേജോ ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ ഫേസ് ബുക്ക് പേജോ സന്ദർശിക്കാമെന്നും മറ്റ് വ്യാജ വാർത്തകളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കളക്ടർ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സേവനം തേടാൻ പൊതുജനങ്ങൾക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിലും 0484 24 23513 എന്ന നമ്പറിലും ബന്ധപ്പെടാം.

Similar Articles

Comments

Advertismentspot_img

Most Popular