ഉന്നാവ് പീഡനക്കേസ്; വിചാരണ യുപിക്ക് പുറത്തേക്ക്; സിബിഐ ഉദ്യോഗസ്ഥന്‍ ഇന്നുതന്നെ ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ തീരുമാനം. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച കത്ത് പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് ദീര്‍ഘനാളായി പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട് വരികയായിരുന്നു.

ഇതിനിടെ ബലാത്സംഗ കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബലാത്സംഗവും പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടതും സംബന്ധിച്ച് സിബിഐ ഡയറക്ടറോട് അന്വേഷിച്ചറിയാനും സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വേണമെങ്കില്‍ ചേംബറില്‍ ഇതുസംബന്ധിച്ച് വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥര്‍ ലഖ്നൗവിലാണെന്നും ഇന്ന് 12 മണിക്ക് ഹാജരാകുക അപ്രയോഗികമാണെന്നും നാളെ ഹാജരകാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നാളേക്ക് മാറ്റിവെക്കാനാവില്ല 12 മണിക്ക് സിബിഐയുടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കോടതിയിലെത്തണമെന്ന് ചീഫ് ജസ്റ്റിസ് കര്‍ശനമായി ആവശ്യപ്പെടുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular