ലോകകപ്പ് ക്രിക്കറ്റ്: ആദ്യമത്സരത്തില്‍ പോരാട്ടം തീപാറും

ലണ്ടന്‍: ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകള്‍ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മുതല്‍ ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

തുല്യശക്തികളുടെ പോരാട്ടം കൂടിയാണിത്. ലോകകപ്പില്‍ ആറുതവണ മുഖാമുഖം വന്നപ്പോള്‍ ഇരുടീമുകളും മൂന്നുകളിവീതം ജയിച്ചു. ഏകദിനത്തില്‍ ആകെ 59 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് 26 ജയവും ദക്ഷിണാഫ്രിക്കയ്ക്ക് 29 ജയവുമുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് പ്രാഥമിക റൗണ്ടില്‍ തോറ്റ് പുറത്തായി. അത് മാറ്റത്തിന്റെ തുടക്കമായിരുന്നു. പുതിയൊരു ടീമിനെ വാര്‍ത്തെടുത്തു. കളി മാറി. ഏകദിനത്തില്‍ ഏറ്റവുമുയര്‍ന്ന രണ്ട് സ്‌കോറുകളും (481, 444) ഇംഗ്ലണ്ട് കുറിച്ചു. റാങ്കിങ്ങില്‍ ഒന്നാമതെത്തി.

ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താനെതിരായ പരമ്പരയില്‍ നാലുവട്ടം 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് നാലിലും ജയിച്ചു. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമിന്റെ ഏറ്റവും വലിയ ശക്തി ജാസന്‍ റോയ്, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ മുന്‍നിര ബാറ്റിങ് തന്നെ. മോയിന്‍ അലി, ബെന്‍ സ്റ്റോക്‌സ് എന്നീ എണ്ണം പറഞ്ഞ ഓള്‍റൗണ്ടര്‍മാരുമുണ്ട്.

1992 മുതല്‍ ലോകകപ്പില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്ക കഴിഞ്ഞതവണ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റു. ഇക്കുറി ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീമില്‍ ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം ആംല, ഡേവിഡ് മില്ലര്‍, ജെ.പി. ഡുമിനി തുടങ്ങിയ പരിചയസമ്പന്നരുണ്ട്. പരിക്കിലായിരുന്ന പേസ് ബൗളര്‍ കാഗിസോ റബാഡ തിരിച്ചെത്തും.

Similar Articles

Comments

Advertismentspot_img

Most Popular