പ്രധാനമന്ത്രിയുടെ ആദ്യ വാര്‍ത്താസമ്മേളനം; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല..!!! മറുപടി പറഞ്ഞത് അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പങ്കെടുത്തു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനെത്തിയത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മടങ്ങി.

‘പ്രാപ്തിയുള്ള സര്‍ക്കാരാണെങ്കില്‍ തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടത്താന്‍ കഴിയും. അപൂര്‍വ്വമായേ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ അധികാരത്തില്‍ വരാറുള്ളൂ. 2019ല്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരും’, പ്രധാനമന്ത്രി പറഞ്ഞു. പ്രചാരണവുമായി സഹകരിച്ച എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി നന്ദി അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയോട് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മോദിഭരണത്തിനായുള്ള ജനങ്ങളുടെ ആഗ്രഹപ്രകടനം പ്രചാരണ സമയത്ത് കണ്ടെന്നും ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ വേണമെന്ന ആവശ്യം പൊതു ജനത്തില്‍ നിന്ന് ഉയര്‍ന്നു കേട്ടെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓരോ പതിനഞ്ച് ദിവസം കൂടുന്തോറും മോദി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവന്നുവെന്നും 300ലധികം സീറ്റുകള്‍ നേടി മോദി വീണ്ടും അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ച് കൊണ്ടാണ് ഇരുവരും വാര്‍ത്താ സമ്മേളനം നടത്തിയത്.

അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളില്‍ മാത്രം പ്രധാനമന്ത്രിയുടെ സംവാദം ഒതുങ്ങി. തുടര്‍ന്ന് ചോദ്യം ചോദിക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി അത്രയും പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആയിരുന്നു.

മോദിയോട് മാധ്യമങ്ങള്‍ക്ക് മൃദു സമീപനമാണെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ പുകഴ്ത്തി സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നില്ല. പ്രകൃതി ദുരന്തം വന്നപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും മാധ്യമപ്രവര്‍ത്തകര്‍ നന്നായി പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നത്. അമിത് ഷായുടെ വാര്‍ത്താ സമ്മേളനം ബിജെപി ആസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഇന്നും ബിജെപി അധ്യക്ഷന്റെ വാര്‍ത്താ സമ്മേളനം ഓര്‍മപ്പെടുത്തുന്ന സന്ദേശമുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന നിമിഷം തികച്ചും നാടകീയമായാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

ഇപ്പോഴെങ്കിലും മോദി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത് നന്നായെന്നായിരുന്നു സമാന്തര വാര്‍ത്താ സമ്മേളനം നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ചോദ്യങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി.

Similar Articles

Comments

Advertismentspot_img

Most Popular