ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു വീണു; മിന്നൽ പ്രളയം; ഡാം തകർന്നു; 150 പേരെ കാണാതായി

ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവന്‍ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ധൗളിഗംഗയുടെ തീരങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദുരന്തമുണ്ടായ ചമോലിയ്ക്ക് അടുത്തുള്ള റെജി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിക്കുകയാണ് സംസ്ഥാനസർക്കാർ ഇപ്പോൾ. സ്ഥലത്ത് ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മിച്ച പാലം ഒലിച്ചുപോയി. ഋഷിഗംഗ പവർപ്രോജക്ട് ഭാഗികമായി തകർന്നതാണ് ആശങ്ക കൂട്ടുന്നത്. സ്ഥലത്ത് ജോലി ചെയ്തിരുന്നവരെ കാണാനില്ലെന്നും, പെട്ടെന്നുണ്ടായ പ്രളയത്തിൽ അവർ ഒലിച്ചുപോയിരിക്കാനാണ് സാധ്യതയെന്നുമാണ് ഇപ്പോഴും കേന്ദ്രസേന വ്യക്തമാക്കുന്നത്.

അടുത്ത ഒരു മണിക്കൂർ നിർണായകമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഡാം സൈറ്റിന് താഴെയുള്ള റിസർവോയറുകൾക്ക് കുതിച്ചു വരുന്ന വെള്ളം തട‍ഞ്ഞുനിർത്താൻ കഴിഞ്ഞാൽ അപകടം പരമാവധി കുറയ്ക്കാം. അതല്ലെങ്കിൽ അപകടസാധ്യത വീണ്ടുമുണ്ട്. തീരപ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് കേന്ദ്രസേനയുടെ സഹായത്തോടെ സംസ്ഥാനസർക്കാർ.

ഐ.ടി.ബി.പിയുടെ രണ്ടു സംഘവും മൂന്ന് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മൂന്ന് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍ കൂടിയെത്തും. സംസ്ഥാന ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഗമിക്കുകയാണ്.

ഏത് സമയത്തും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമാണ് ജോഷിമഠ്. വലിയ മഞ്ഞുമല പൂര്‍ണമായും ഇടിഞ്ഞു വീഴുകയായിരുന്നു. ഋഷിഗംഗ പ്രോജക്ടിനും കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

#avalanche_in_uttarakhand
#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular