പ്രകാശ് കാരാട്ട് ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന് സിപിഎം ബംഗാള്‍ സെക്രട്ടറി

ബി.ജെ.പി.ക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരേ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി. ബംഗാളില്‍ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ സീറ്റ് ബി.ജെ.പി. നേടുമെന്ന് കാരാട്ട് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് പരാതി.

വിഷയം അടിയന്തരമായി അവയ്ലബിള്‍ പി.ബി. ചര്‍ച്ചചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങള്‍ക്കുമുമ്പാകെ വിശദീകരണം നല്‍കണമെന്നും സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടതായി സി.പി.എം. വൃത്തങ്ങള്‍ പറഞ്ഞു. ഹിന്ദിസംസ്ഥാനങ്ങളില്‍ സീറ്റുകുറയാന്‍ സാധ്യതയുള്ളതിനാല്‍ അതുമറികടക്കാന്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എണ്ണംതികയ്ക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നതിനെക്കുറിച്ചായിരുന്നു കാരാട്ടിന്റെ വിശദീകരണം.

”ഉത്തര്‍പ്രദേശില്‍ നിന്നുമാറി ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റുനേടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഒഡിഷയില്‍ പരമാവധി അഞ്ചുസീറ്റ് ബി.ജെ.പി.ക്ക് ലഭിക്കും. ബംഗാളിലും അവര്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത. ഇപ്പോഴുള്ളതിനെക്കാള്‍ സീറ്റ് കൂടുതല്‍ ലഭിക്കും. എന്നാല്‍, അതവര്‍ക്കത്ര എളുപ്പമാവില്ല. അമിത് ഷാ പറഞ്ഞത് 23 സീറ്റുകളില്‍ വിജയിക്കുമെന്നാണ്. അത്രയൊന്നും ബി.ജെ.പി.ക്ക് ലഭിക്കാനിടയില്ല” – ഇതായിരുന്നു കാരാട്ടിന്റെ പരാമര്‍ശം.

ബംഗാളില്‍ തൃണമൂലിനെതിരേ ഇടതുപക്ഷം ശക്തമായി രംഗത്തുള്ള പശ്ചാത്തലത്തില്‍ മുന്‍ജനറല്‍ സെക്രട്ടറി ബി.ജെ.പി.ക്ക് ഗുണകരമാവുന്ന വിധത്തില്‍ പ്രസ്താവന നടത്തിയെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വിമര്‍ശനം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ ഇങ്ങനെയൊരു പ്രസ്താവന പാര്‍ട്ടിക്ക് ദോഷംചെയ്യും.

ബി.ജെ.പി.ക്കെതിരേ പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ള പ്രഖ്യാപിതനയത്തിന് വിരുദ്ധമാണ് കാരാട്ടിന്റെ പരാമര്‍ശം. പ്രസ്താവന തിരുത്തുന്ന വിധത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടാവണം -സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടു. പരാതി ഇതുവരെ അവയ്ലബിള്‍ പി.ബി. ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular