അടിയൊഴുക്കുകള്‍ നിര്‍ണായകം; കൈവിടുമോ പാലക്കാട്..? ആശങ്കയോടെ എല്‍ഡിഎഫ്

പാലക്കാട്: അനുദിനം വര്‍ധിക്കുന്ന വേനല്‍ ചൂടില്‍ പാലക്കാട്ട് തെരഞ്ഞെടുപ്പ് ചൂടും ഓരോ ദിവസവും കൂടി വരികയാണ്. ഇടതുകോട്ട എന്ന പല്ലവിയില്‍നിന്ന് മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കനത്ത വെല്ലുവിളി ഉയര്‍ത്തി സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എം.പി എം.ബി രാജേഷിനെ തന്നെ എല്‍ഡിഎഫ് കളത്തിലിറക്കുമ്പോള്‍ വി.കെ ശ്രീകണ്ഠന്‍ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാര്‍ എന്‍ഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം.

നിയമസഭ തെരഞ്ഞടുപ്പില്‍ ഇതില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫുമാണ് ജയിച്ചത്. പാലക്കാട് ലോകസഭാ മണ്ഡലം നിലവില്‍ വന്ന 1957 മുതല്‍ ഇതുവരെ നാലു തവണ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. 1977ല്‍ സുന്നാ സാഹിബും 1980,1984, 1991 വര്‍ഷങ്ങളില്‍ വി.എസ് വിജയരാഘവനുമാണ് കോണ്‍ഗ്രസിനു വിജയം സമ്മാനിച്ചവര്‍.

2009ല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇവിടെ. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 1820 വോട്ടിനാണ് എല്‍ഡിഎഫിലെ എം.ബി രാജേഷ് പരാജയപ്പെടുത്തിയത്. 2014ല്‍ എംപി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്കു അടിയറവു പറയിച്ചും രാജേഷ് ലോക്സഭയിലെത്തി.

എന്നാല്‍ ഇത്തവണ 2009ലേതിനു സമാനമായ പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. കാലങ്ങളായി തങ്ങളെ പിന്തുണക്കുന്ന നെല്ലറയുടെ നാട് ഇത്തവണ തങ്ങളെ കൈവിടുമോയെന്ന ആശങ്കയിലാണ് ഇടതുപക്ഷം. ‘ജയ്ഹോ’ എന്ന പേരില്‍ ജില്ലയില്‍ നടത്തിയ പദയാത്രയിലൂടെ ഉള്‍ഗ്രാമങ്ങളില്‍ സജീവമാക്കിയ പാര്‍ട്ടി സംവിധാനങ്ങളുടെ കരുത്തുമായാണു യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകണ്ഠന്‍ വോട്ടു ചോദിക്കുന്നത്.

പാലക്കാട്ടെ പൊരിവെയിലില്‍ 400 കിലോമീറ്ററിലധികം നടക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നില്ല. ഷാഫി പറമ്പില്‍ മത്സരിക്കുമെന്നു ശ്രുതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഷാഫി തന്നെ പറഞ്ഞു’ശ്രീകണ്ഠന്‍ മത്സരിക്കും. ഞാന്‍ പ്രചാരണം നയിക്കും.” ആ കൂട്ടുകെട്ടാണു രംഗത്തുള്ളത്.

2014ലെ ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പറഞ്ഞ് അഹങ്കരിച്ചിരുന്ന ഇടതുപക്ഷത്തിന് തുടക്കം മുതലേ ചുവടുകള്‍ പിഴച്ചു. ശ്രീകണ്ഠന്റെ ജയ്ഹോ പദയാത്രയെ മറികടക്കാന്‍ മറ്റൊന്നും പാര്‍ട്ടിക്ക് ചെയ്യാനായില്ല. ഗ്രൂപ്പ് വ്യത്യാസം മറികടന്ന് ശ്രീകണ്ഠനു വേണ്ടി അണികള്‍ ഒരേസ്വരത്തില്‍ വോട്ടുചോദിക്കുന്നതു കണ്ട് ഇടതുനേതാക്കള്‍ പോലും അന്തംവിട്ടു നില്‍ക്കുന്ന സ്ഥിതിയാണ്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുന്നതും ശ്രീകണ്ഠനു കരുത്തായിട്ടുണ്ട്. ജയ്ഹോ പര്യടനം നടത്തിയതിനാല്‍ തന്നെ പ്രചരണത്തിലും എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ശ്രീകണ്ഠന്‍. ആദിവാസി ന്യൂനപക്ഷ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ഈ വിഭാഗങ്ങളുടെ വോട്ട് യുഡിഎഫിനാകുമെന്ന വിലയിരുത്തലുമുണ്ട് ഇത്തവണ.

ജില്ലയില്‍ സി.പി.എമ്മിനും നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളും സി.പി.എമ്മും സി.പി.ഐ.യുമായി നാലഞ്ച് കേന്ദ്രങ്ങളിലെങ്കിലുമുള്ള സ്വരചേര്‍ച്ചയില്ലായ്മയും എല്‍ഡിഎഫിന് മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നാണ് വിവരം. ബി.ജെ.പിയ്ക്ക് പാര്‍ട്ടിസംവിധാനമുണ്ടെങ്കിലും എന്‍.ഡി. എ. സംവിധാനം ശക്തമല്ലാത്തും ശ്രീകണ്ഠനു മുതല്‍ക്കൂട്ടാണ്.

കെഎസ്യു പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച ശ്രീകണ്ഠന്‍ പ്രീഡിഗ്രി ക്ലാസില്‍ എം.ബി. രാജേഷിന്റെ സഹപാഠിയായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ദേശീയ ജനറല്‍ സെക്രട്ടറി വരെയായി. ഇപ്പോള്‍ പാലക്കാട് ഡിസിസി പ്രസിഡന്റും ഷൊര്‍ണൂര്‍ നഗരസഭാംഗവുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular