പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
49 പേജുകളുള്ള വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പ് നല്‍കാതെയും ഡാമുകള്‍ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7