കേരളം അപ്രഖ്യാപിത പവര്‍കട്ടിലേക്ക്; ഡാമുകളിലെ വെള്ളം കുറയുന്നു

തിരുവനന്തപുരം: കനത്ത വേനലില്‍ ഡാമുകളിലെ ജലനിരപ്പ് അപകടകരമാവിധം താഴ്ന്നതോടെ സംസ്ഥാനം ലോഡ് ഷെഡിങ്ങിന്റെ വക്കില്‍. വേനല്‍ച്ചൂട് കനത്തതോടെ െവെദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നതോടെ വന്‍ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി. അഭിമുഖീകരിക്കുന്നത്. പുറത്തുനിന്ന് ആവശ്യത്തിനു വൈദ്യുതി ലഭിക്കുന്നതുകൊണ്ടു പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ ഭാഷ്യം.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ലോഡ് ഷെഡിങ് അടക്കമുള്ള നിതന്ത്രണങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കില്ല. പക്ഷേ, കടുത്ത െവെദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വന്‍പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് എസ്.എസ്.എല്‍.സി. അടക്കമുള്ള പരീക്ഷകള്‍ ഇന്നലെ കഴിഞ്ഞ സാഹചര്യത്തില്‍ അപ്രഖ്യാപിത പവര്‍കട്ട് അടക്കമുള്ളവ കെ.എസ്.ഇ.ബി. ഏര്‍പ്പെടുത്താനാണ് സാധ്യത.

താമസിയാതെ വേനല്‍മഴ ലഭിക്കുമെന്നും അങ്ങനെ െവെദ്യുതി ഉപയോഗം കുറയുമെന്നുമാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. സ്‌റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ നടത്തിയ വിലയിരുത്തലില്‍ 85 ദശലക്ഷം യൂണിറ്റ് വരെയേ ഉപയോഗം എത്തുകയുള്ളൂവെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഇതെല്ലാം തെറ്റിച്ചാണ് ഉപയോഗം കൂടിയത്. രാത്രിയിലും ഉപയോഗം വര്‍ധിച്ചതായാണ് കണക്ക്. നേരത്തെ െവെകിട്ട് ആറുമുതല്‍ രാത്രി 10 വരെയായിരുന്നു പീക്ക്‌ െടെമായി കണക്കാക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുലര്‍ച്ചെ 1.45 വരെ കൂടുതല്‍ െവെദ്യുതി ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. രാത്രിയില്‍ എ.സിയുടെ ഉപയോഗം കൂടുന്നതിനാലാണ് ഇതെന്നാണ് വിലയിരുത്തല്‍.

ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 86.1003 ദശലക്ഷം യൂണിറ്റ്‌ െവെദ്യുതിയായിരുന്നു ഉപയോഗം. കഴിഞ്ഞദിവസം ഇത് 85.8957 ദശലക്ഷം യൂണിറ്റായിരുന്നു. ഞായറാഴ്ച മുതല്‍ ഇന്നലെവരെയുള്ള കണക്കെടുത്താല്‍ ഞായറാഴ്ചമാത്രമാണ് ഉപയോഗത്തില്‍ നേരിയ കുറവുണ്ടായത്.

ഞായറാഴ്ച 77.187 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. 59.2977 ദശലക്ഷം യൂണിറ്റ്‌ െവെദ്യുതി പുറത്തുനിന്നെത്തിച്ചപ്പോള്‍ 26.802 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. മൂലമറ്റത്ത് 12.015 ദശലക്ഷം യൂണിറ്റ്‌ െവെദ്യുതിയായിരുന്നു ഉല്‍പാദനം. തൊടുപുഴയിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇപ്പോഴും തുറന്നുവിട്ടിരിക്കുകയാണ്. 1871.649 ദശലക്ഷം യൂണിറ്റ്‌ െവെദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി ഇപ്പോഴുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular