പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവിലാണ് സാവന്തിന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഗോവയിലെ നിമയസഭാ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസ് അവകാശം ഉന്നയിച്ച് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പരീക്കറുടെ പിന്‍ഗാമിയായി പ്രമോദ് സാവന്തിനെ കഴിഞ്ഞദിവസം തന്നെ തീരുമാനിച്ചിരുന്നു. പക്ഷെ ഇക്കാര്യം ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തില്‍ സഖ്യകക്ഷികളെ കൊണ്ട് അംഗീകരിപ്പിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സാധിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബി ജെ പി നേതാവ് പറഞ്ഞു.
പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. തിങ്കളാഴ്ച പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.
ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ. സുദിന്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രാത്രി രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാത്രി 12 മണിക്കാണ് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് ചര്‍ച്ച നടത്തിയത്.