ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ ഷാനിമോള്‍; വയനാടിനു വേണ്ടി പിടിവലി; തീരുമാനമാകാതെ വടകരയും

ന്യൂഡല്‍ഹി: രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കൂടി തീരുമാനമായാല്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കാനാകും. തീരുമാനമാകാനുള്ള നാല് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ ഏറക്കുറേ ധാരണയായി. അവസാന നിമിഷം ഇനി അഴിച്ചുപണിയുണ്ടായില്ലെങ്കില്‍ ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ എഐസിസി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാനും മത്സരിക്കും. വടകര, വയനാട് സീറ്റുകളിലാണ് തീരുമാനമാകാത്തത്. ഇതില്‍ വയനാട്ടില്‍ എഐ ഗ്രൂപ്പ് വടംവലിയാണ് തീരുമാനം വൈകിക്കുന്നത്.

ടി.സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടിയും കെ.പി അബ്ദുള്‍ മജീദിനായി രമേശ് ചെന്നിത്തലയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം വൈകുന്നത്. ഇവിടെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് വന്നാലും അത്ഭുതമില്ല. എ.കെ ആന്റണിയാണ് പ്രകാശിന്റെ പേര് നിര്‍ദേശിച്ചത്. അദ്ദേഹം ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

വയനാട് സീറ്റില്ലെങ്കില്‍ ഇത്തവണ മറ്റിടങ്ങളില്‍ പരിഗണിക്കേണ്ട എന്ന നിലപാടിലാണ് ടി. സിദ്ദിഖ്. വടകരയില്‍ പി.ജയരാജനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാത്തതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. മുല്ലപ്പള്ളിക്ക് പകരം അത്രയും ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി.

അഡ്വ പ്രവീണ്‍ കുമാര്‍, സജീവ് മറോളി എന്നീ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ പേര് ജാതിസമവാക്യം പരിഗണിച്ച് വരാനുള്ള സാധ്യത തള്ളാനാകില്ല. ഒരു ഘട്ടത്തില്‍ വിദ്യ ബാലകൃഷ്ണന്റെ പേര് ചര്‍ച്ചചെയ്‌തെങ്കിലും കൂടുതല്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നതോടെ ആ പേര് ഒഴിവാക്കി.

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പേര് ചര്‍ച്ചചെയ്‌തെങ്കിലും അവരും വിസമ്മതം അറിയിച്ചു. ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത് അനുസരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ ധാരണയായാല്‍ അത് തിരഞ്ഞെടുപ്പ് സമിതിക്ക് വിടും. മറിച്ച് ധാരണയുണ്ടായില്ലെങ്കില്‍ പാനലായി തന്നെ സ്‌ക്രീനിങ് കമ്മിറ്റിക്ക് വിടും.

കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കെ.സി വേണുഗോപാലും എ.കെ ആന്റണിയും പാനല്‍ ചര്‍ച്ചചെയ്ത് അംഗീകരിച്ചാല്‍ വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകും. ഏകാഭിപ്രായം ഉണ്ടായില്ലെങ്കില്‍ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിടാനും സാധ്യതയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular