ഇന്നസെന്റിന് വിജയസാധ്യതയില്ല..?

തിരുവനന്തപുരം: ചാലക്കുടി എംപി ഇന്നസെന്റിന് ഇനി വിജയസാധ്യതയില്ലെന്ന് സിപിഎം ചാലക്കുടി ലോക്‌സഭാ മണ്ഡലം കമ്മിറ്റി വിലയിരുത്തിയതായി റിപ്പോര്‍ട്ട്. പി. രാജീവിനെയോ സാജു പോളിനെയോ പരിഗണിക്കണമെന്ന് ആവശ്യം. ഇന്നസെന്റിന് ജയസാധ്യത കുറവാണെന്ന വാദമാണ് മണ്ഡല കമ്മിറ്റിയിലെ ഭിന്നസ്വരങ്ങള്‍ ഉയര്‍ത്തുന്നത്.

ഇന്നസെന്റിന് പുറമേ സാജു പോള്‍, പി.രാജീവ് എന്നിവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന നേതൃത്വത്തിന് ശിപാര്‍ശ നല്‍കാനാണ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ മത്സരിക്കാമെന്ന നിലപാടിലാണ്. ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും മണ്ഡലം കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.

സിറ്റിങ് എം.പി.മാരില്‍ കാസര്‍കോട്ടെ പി. കരുണാകരനൊഴികെ മറ്റുള്ളവരെ ഉള്‍പ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഏകദേശരൂപമായിട്ടുണ്ട്. എം.എല്‍.എ.മാരായ എ. പ്രദീപ്കുമാര്‍ കോഴിക്കോട്ടും എ.എം. ആരിഫ് ആലപ്പുഴയിലും മത്സരിക്കും. ചൊവാഴ്ചത്തെ സി.പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

സിറ്റിങ് എം.പി.മാരായ പി.കെ. ശ്രീമതി (കണ്ണൂര്‍), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂര്‍), ജോയ്സ് ജോര്‍ജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ അതേ മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം.

കഴിഞ്ഞതവണ ജനതാദള്‍(എസ്) മത്സരിച്ച കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. സീറ്റ് സംബന്ധിച്ച് ജെ.ഡി.എസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാനുമുണ്ട്. കാസര്‍കോട്ട് പി. കരുണാകരന് പകരം പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ വരും.

വടകര ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി പി. സതീദേവിക്കാണ് സാധ്യത. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസിന്റെയും പേരുകളും പരിഗണനയില്‍ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular