ഇത്തവണ നട തുറന്നപ്പോള്‍ ആരെയും കൊണ്ടുപോയില്ല..!!! സിപിഎം തെറ്റുതിരുത്താന്‍ തുടങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി

തൃശൂര്‍: ശബരിമലയില്‍ വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാട് സര്‍ക്കാര്‍ എടുത്തപ്പോഴാണ് എന്‍.എസ്.എസ് രംഗത്തെത്തിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ശബരിമലയില്‍ സി.പി.എം തെറ്റുതിരുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഇതാണ് ഇത്തവണ നട തുറന്നിട്ട് പൊലീസ് ആരേയും കൊണ്ടുപോകാതിരുന്നത്. ശബരിമല രാഷ്ട്രീയവിഷയമായി യു.ഡി.എഫ് കാണുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.

അതേസമയം എന്‍.എസ്.എസ് മതേതര ജനാധിപത്യ വളര്‍ച്ചയ്ക്ക് സഹായിച്ച സംഘടനയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം പി. എന്‍.എസ്.എസില്‍ വിഭാഗീയതയ്ക്ക് കോടിയേരി ശ്രമിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.

സമയം നോക്കി പറ്റിക്കൂടി നിന്ന് നേട്ടമുണ്ടാക്കുന്നവരല്ല എന്‍.എസ്.എസ് എന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാവിലെ പത്രക്കുറിപ്പിലൂടെ പ്രസ്താവിച്ചിരുന്നു. എന്‍.എസ്.എസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതിനൊപ്പമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദത്തിന് മറുപടിയായാണ് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്.

കേരള സംരക്ഷണ യാത്രയിലാണ് കോടിയേരി എന്‍.എസ്.എസ് തങ്ങളോടൊപ്പമാണെന്ന സൂചന നല്‍കി സംസാരിച്ചത്. ഇത്തരത്തില്‍ മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഓര്‍ക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വനിതാ മതിലിലടക്കം ഇടതിനോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച എസ്.എന്‍.ഡി.പിക്കു നേരേയുള്ള ഒളിയമ്പായാണ് സുകുമാരന്‍ നായരുടെ പ്രസ്താവന. എന്‍.എസ്.എസിനെ ചെറുതായി കാണേണ്ടെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular