ഷൂട്ടിങ്ങിനിടെ സംവിധായകന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ സംവിധായകന് പരുക്ക്. ഹിച്ച ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘നിപ്പ’യുടെ ചിത്രീകരണത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണാണ് അപകടം. സംവിധായകനും ക്യാമറമാനുമായ ബെന്നി ആശംസയ്ക്കാണ് പരുക്കേറ്റത്.

നേപ്പാളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മഹാരാജ് ഗഞ്ചിലെ സെന്റ് ജോസഫ് സ്‌കൂളില്‍ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അപകടം. ക്രെയിന്റെ പ്ലേറ്റ് ഇളകി താഴേക്ക് പതിച്ച സംവിധായകന്‍ ബെന്നി ആശംസ, താഴെ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ മുട്ടടിച്ച് വീഴുകയായിരുന്നു.

ഭീകരന്‍ ഒളിച്ചിരിക്കുന്ന സ്‌കൂഴില്‍ കമാന്‍ഡോ ഓപറേഷന്‍ നടത്തുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. സംവിധായകനെ കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച എങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ഇതേതുടര്‍ന്ന് ചിത്രീകരണം ഇടയ്ക്ക് നിര്‍ത്തി സംഘം മടങ്ങി.
‘ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്’ എന്ന ചിത്രത്തിനു ശേഷം ഹിച്ച ക്രിയേഷന്‍സ് നിര്‍മ്മിച്ച പുതിയ ചിത്രമാണ് നിപ്പ.

SHARE