മത്സരിക്കാനൊരുങ്ങി പി.ജെ. ജോസഫ്; രാഹുല്‍ ഗാന്ധിയെ സമീപിച്ചു

തൊടുപുഴ: ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണം. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് പി.ജെ ജോസഫ്. ആവശ്യം രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്ന് അത് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്ന് പി.ജെ ജോസഫ് പറഞ്ഞു.

തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും ലോകസഭ യിലേക്ക് പോകാന്‍ താന്‍ മുമ്പും ആഗ്രഹി ച്ചിട്ടുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എവിടെ മത്സരിക്കുമെന്നത് തീര്‍ച്ചയായിട്ടില്ലെന്നും ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. മത്സരിപ്പിക്കുന്ന കാര്യം ചര്‍ച്ചയായിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി.

കെ.എം. മാണി വഴങ്ങിയാലും ഇല്ലെങ്കിലും കോട്ടയം സീറ്റില്‍ മത്സരിക്കാനാണ് പി.ജെ. ജോസഫിന്റെ തീരുമാനം. പാര്‍ട്ടിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് ജോസഫ് രണ്ടുംകല്‍പിച്ച് രംഗത്തിറങ്ങിയത്. മാണി ഗ്രൂപ്പിനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കം കൂടിയായിരുന്നു കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ രൂപതകളിലെ സന്ദര്‍ശനം. കോട്ടയം, പാലാ രൂപതകള്‍ സന്ദര്‍ശിച്ച പിജെ പിന്നീട് ചങ്ങനാശേരി രൂപതയിലും എന്‍എസ്എസ് ആസ്ഥാനത്തും നേരിട്ടെത്തി. ഇത്തവണ ഒത്തുതീര്‍പ്പിനില്ലെന്ന് ശക്തമായ സന്ദേശമാണ് പിജെ മാണിക്ക് നല്‍കുന്നത്.

രാജ്യസഭാ സീറ്റ് ജോസ്.കെ. മാണിക്ക് നല്‍കിയതിനാല്‍ ലോക്‌സഭാ സീറ്റ് വേണമെന്നാണു പി.ജെ. ജോസഫിന്റെ നിലപാട്. മറുപക്ഷത്ത് ജയസാധ്യതയുള്ള സ്ഥാനാര്‍ഥി ഇല്ലെന്നതും പിജെ ആയുധമാക്കി. ജോസഫിനൊപ്പം മുസ്ലിം ലീഗും കോണ്‍ഗ്രസും നിലയുറപ്പിച്ചതോടെ മാണി വിഭാഗം കടുത്ത പ്രതിരോധത്തിലാണ്. ജോസഫിനൊപ്പം നില്‍ക്കാന്‍ പ്രാപ്തനായ സ്ഥാനാര്‍ഥിയെ ഇറക്കി തിരിച്ചടിക്കാന്‍ അവര്‍ ശ്രമിച്ചേക്കും.

ഇപ്പോള്‍ ചര്‍ച്ചയിലുള്ള സ്റ്റീഫന്‍ ജോര്‍ജിനേയും തോമസ് ചാഴിക്കാടനേയും ഒഴിവാക്കി ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനെ രംഗത്തിറക്കാനാണ് ആലോചന. ഒന്നും നടന്നില്ലെങ്കില്‍ കെ.എം.മാണി തന്നെ കോട്ടയത്ത് മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. ജോസ്.കെ മാണിയുടെ നേതൃത്വം അംഗീകരിക്കാത്ത മാണി ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ജോസഫിനുണ്ടെന്നാണ് സൂചന. ഇത് മുന്നില്‍കണ്ടാണ് സുരക്ഷിത മണ്ഡലമായ ഇടുക്കി വിട്ട് കോട്ടയത്ത് മത്സരിക്കാന്‍ പിജെ നീങ്ങുന്നത്. പാര്‍ട്ടി പിളര്‍ന്നാല്‍ മുന്നണിയില്‍ ആധിപത്യമുറപ്പിക്കാവുന്ന അംഗബലവും ഇതുവഴി ഉറപ്പാക്കാമെന്ന് ജോസഫ് വിശ്വസിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular