ചെങ്ങന്നൂര്‍ ഉദ്ഘാടന മാമാങ്കം; ഒറ്റദിവസംകൊണ്ട് എട്ട് റോഡുകളും രണ്ട് കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തു; എല്ലാം ശരിയാക്കി പിണറായി സര്‍ക്കാര്‍

ചെങ്ങന്നൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉദ്ഘാടന മാമാങ്കം. ഒറ്റദിവസംകൊണ്ട് എട്ട് റോഡുകളും രണ്ട് കെട്ടിടങ്ങളുമാണ് മണ്ഡലത്തില്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തീകരിക്കുന്നതിനോട് അനുബന്ധിച്ച് നടത്തുന്ന ആയിരം പദ്ധതികളുടെ ഭാഗമാണ് ഉദ്ഘാടനങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.

പുലിയൂര്‍ പി.എച്ച്.സി കെട്ടിടം, ലാബ് എന്നിവയുടെയും ചെങ്ങന്നൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനങ്ങളോടെയാണ് മന്ത്രി ജി. സുധാകരന്റെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ തുടങ്ങിയത്. ആരോഗ്യമേഖലയില്‍ സമൂല മാറ്റങ്ങള്‍ വരുത്തുവാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കഴിഞ്ഞതായി ജി. സുധാകരന്‍ പറഞ്ഞു. അസാധ്യമായതെന്നു തോന്നുന്നതെല്ലാം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് തുരുത്തിമേല്‍ എത്തിയ മന്ത്രി മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. മുടങ്ങി കിടന്ന പദ്ധതികള്‍ ഒരോന്നായി ഏറ്റെടുത്തു നടത്തികൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു. ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ -തിരുവല്ല റോഡുകളുടെ നിര്‍മാണവും ഉദാഹരണമായി മന്ത്രി എടുത്തു പറഞ്ഞു.

ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംക്ഷന്‍, പിരളശേരി എന്നിവിടങ്ങളില്‍വച്ച് അഞ്ച് റോഡുകളുടെകൂടി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങുകളില്‍ സജി ചെറിയാന്‍ എം.എല്‍.എയും സന്നിഹിതനായിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മണ്ഡലത്തില്‍ നടത്തിയ ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇടതുസര്‍ക്കാരിന്റെ നീക്കമെന്ന ആരോപണവുമായി പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

SHARE