ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

ന്യൂസീലന്‍ഡിനെതിരെ 244 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മികച്ച സ്‌ട്രോക് പ്ലേയുമായി കളം നിറഞ്ഞ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പുറത്തായത്. 27 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതം 28 റണ്‍സെടുത്ത ധവാനെ ട്രന്റ് ബൗള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ ക്യാച്ചെടുത്തു പുറത്താക്കി. 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ (24), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (9) എന്നിവരാണ് ക്രീസില്‍.


മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് ഒരു ഓവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് പുറത്താകുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതം പിഴുത ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ ആതിഥേയരെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 21–ാം ഏകദിന സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ പുറത്തായ റോസ് ടെയ്‌ലറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ആദ്യ രണ്ടു മല്‍സരങ്ങളിലും സ്പിന്നര്‍മാര്‍ ഏഴു വിക്കറ്റ് വീതം പിഴുതപ്പോള്‍, ഇക്കുറി പേസ് ബോളര്‍മാര്‍ ചേര്‍ന്ന് എട്ടു വിക്കറ്റ് പോക്കറ്റിലാക്കി.

59 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി പതിവുപോലെ കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ന്യൂസീലന്‍ഡിന് നാലാം വിക്കറ്റില്‍ റോസ് ടെയ്‌ലര്‍ – ടോം ലാഥം കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് നേടിയത്. ടെയ്!ലര്‍ 106 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതം 93 റണ്‍സോടെയും ലാഥം 64 പന്തില്‍ ഒന്നു വീതം സിക്‌സും ബൗണ്ടറിയും സഹിതം 51 റണ്‍സെടുത്തും പുറത്തായി. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ 10 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കാന്‍ പാണ്ഡ്യ എടുത്ത ഡൈവിങ് ക്യാച്ചും ശ്രദ്ധേയമായി.

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (15 പന്തില്‍ 13), കോളിന്‍ മണ്‍റോ (ഒന്‍പതു പന്തില്‍ ഏഴ്), കെയ്ന്‍ വില്യംസണ്‍ (48 പന്തില്‍ 28), ഹെന്റി നിക്കോള്‍സ് (എട്ടു പന്തില്‍ ആറ്), മിച്ചല്‍ സാന്റ്‌നര്‍ (ഒന്‍പതു പന്തില്‍ മൂന്ന്), (ഡഗ് ബ്രേസ്‌വെല്‍ (15), ഇഷ് സോധി (12), ട്രെന്റ് ബൗള്‍ട്ട് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. കൈക്കുഴയ്ക്കു പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്രസിങ് ധോണിക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. ദിനേഷ് കാര്‍ത്തിക്കാണ് പകരക്കാരന്‍.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച കിവീസിന് ഒരിക്കല്‍ക്കൂടി പരമ്പരയില്‍ തുടക്കം പിഴയ്ക്കുന്ന കാഴ്ചയോടെയാണ് മല്‍സരത്തിനു തുടക്കമായത്. പരമ്പര വിജയം മോഹിച്ച് കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്ന തുടക്കം സമ്മാനിച്ച് കോളിന്‍ മണ്‍റോയെ മുഹമ്മദ് ഷമി മടക്കി. രോഹിത് ശര്‍മയ്ക്കു ക്യാച്ച് സമ്മാനിച്ച് മണ്‍റോ കൂടാരം കയറുമ്പോള്‍ കിവീസ് സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് മാത്രം.

മികച്ച തുടക്കത്തിനുശേഷം വീണ്ടും മാര്‍ട്ടിന്‍ ഗപ്റ്റില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ രണ്ടിന് 26 റണ്‍സ് എന്ന നിലയിലായി കിവീസ്. 15 പന്തില്‍ ഒരു സിക്‌സും ബൗണ്ടറിയും സഹിതം 13 റണ്‍സെടുത്ത ഗപ്റ്റിലിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ദിനേഷ് കാര്‍ത്തിക് ക്യാച്ചെടുത്തു പുറത്താക്കി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച കെയ്ന്‍ വില്യംസന്‍ മിഡ് വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നല്‍ ക്യാച്ചില്‍ പുറത്ത്. എന്തുകൊണ്ട് പാണ്ഡ്യ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്ന ക്യാച്ച്! 48 പന്തില്‍ നാലു ബൗണ്ടറി സഹിതം 28 റണ്‍െസടുത്താണ് വില്യംസന്‍ മടങ്ങിയത്.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒരുമിച്ച റോസ് ടെയ്!ലര്‍ – ടോം ലാഥം സഖ്യം പതുക്കെ പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്കു നയിച്ചു. 21.2 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 119 റണ്‍സ് കൂട്ടുകെട്ടും തീര്‍ത്തു. 13–ാം ഏകദിന അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ടോം ലാഥമാണ് പുറത്തായി. 64 പന്തില്‍ ഒന്നു വീതം ബൗണ്ടറിയും സിക്‌സും സഹിതം 51 റണ്‍സെടുത്ത ലാഥത്തെ, ചാഹലിന്റെ പന്തില്‍ അമ്പാട്ടി റായുഡു ക്യാച്ചെടുത്തു പുറത്താക്കി.

നാലു മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യയുടേതായിരുന്നു അടുത്ത ഊഴം. ഹെന്റി നിക്കോള്‍സ് (ആറ്) മിച്ചല്‍ സാന്റ്‌നര്‍ (മൂന്ന്) എന്നിവരെ പാണ്ഡ്യയുടെ തുടര്‍ച്ചയായ ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക് ക്യാച്ചെടുത്തു പുറത്താക്കി. സെഞ്ചുറിക്കരികെ ടെയ്!ലറിനെ ഷമിയും പുറത്താക്കിയതോടെ ഏഴിന് 222 റണ്‍സ് എന്ന നിലയിലായി ആതിഥേയര്‍. വാലറ്റക്കാരായ ഇഷ് സോധിയെ (12) ഷമിയും ട്രെന്റ് ബൗള്‍ട്ടിനെ (രണ്ട്) ഭുവനേശ്വര്‍ കുമാറും പുറത്താക്കിയപ്പോള്‍, ഡഗ് ബ്രേസ്‌വല്‍ (15) റണ്ണൗട്ടായി.

Similar Articles

Comments

Advertismentspot_img

Most Popular