1991വരെ ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 1991വരെ ശബരിമലയില്‍ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നുവെന്നും ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. 1991വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നു. 1991ല്‍ ജഡ്ജി ബോധപൂര്‍വ്വമാണ് ഉത്തരവ് പുറത്തിറക്കിയത്. അതിന് ശേഷമാണ് ഈ ആചാരം വരുന്നത്. 1991ല്‍ വന്നത് നാടിന്റെ ആചാരമായി മാറുമോ. അത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞില്ലേ’, മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണെന്നും അവര്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിധിയെ അനുകൂലിച്ചവര്‍ക്ക് പോലും പൊള്ളിയെന്നും ബിജെപി നടത്തിയ സമരം പൂര്‍ണ്ണ പരാജയമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
‘സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്തവര്‍ നാട്ടിലുണ്ട്. അവരാണ് സ്ത്രീപ്രവേശന വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. സമൂഹത്തില്‍ യാഥാസ്ഥിതികമായ നിലപാട് വര്‍ധിച്ചു വരുന്നു. അതിനെതിരേ ശക്തമായ നീക്കം നടത്തണം. സുപ്രീം കോടതിയുടെ മേക്കിട്ട് കേറാന്‍ പറ്റാത്തതുകൊണ്ട് വിശ്വാസികള്‍ക്ക് എതിരാണ് സര്‍ക്കാരെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ തിരിയുകയാണ്. വിശ്വാസികള്‍ക്ക് എതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുകയാണെന്ന് അവര്‍ പ്രചരിപ്പിക്കുകയാണ്.’
വിശ്വാസികള്‍ മഹാഭൂരിപക്ഷമാണ്. കേരളത്തില്‍ ബഹുജന സ്വാധീമനമുള്ള പാര്‍ട്ടി സിപിഎമ്മാണ്. അതില്‍ മഹാഭൂരിപക്ഷം വിശ്വാസികളാണ്. അവര്‍ക്കെതിരേ സര്‍ക്കാര്‍ സമരം പ്രഖ്യാപിക്കുമോ? അവിടെ എന്റെ വിശ്വാസം മാത്രമേ പാടുള്ളൂ, നിന്റെ വിശ്വാസം പാടില്ല എന്ന് ചിലര്‍ പറയുകയാണ്. ആ നയത്തിനെതിരേ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular