അപകടം നടക്കുമ്പോള്‍ ഡ്രൈവ് ചെയ്തത് ബാലഭാസ്‌കര്‍ തന്നെ.. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി

തിരുവനന്തപൂരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ നിര്‍ണായക മൊഴി നല്‍കിയത് പൊന്നാനി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജി. യാത്രക്കാരുമായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന അജി അപകടത്തിന്റെ ദൃക്‌സാക്ഷിയാണ്. സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനത്തിലും പങ്കെടുത്തിരുന്നു. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നെന്നു പൊലീസിനു മൊഴി നല്‍കിയതും അജിയാണ്.
സംഭവത്തെക്കുറിച്ച് അജി പറയുന്നതിങ്ങനെ: ആറ്റിങ്ങല്‍ മുതല്‍ ബാലഭാസ്‌കറിന്റെ കാര്‍ ബസിനു മുന്‍പിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്‌നലിനുശേഷമുള്ള വളവ് കഴിഞ്ഞതോടെ അമിത വേഗത്തിലായി. വൈകാതെ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുനിന്നു. ഉടന്‍ തന്നെ ബസ് ഒതുക്കി കാറിനടുത്തേക്ക് ഓടി. മുന്‍പില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്‌കര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതുപോലെ തലയനക്കി.ഗിയര്‍ ലിവറിനടിയിലായി കിടന്ന കുട്ടിയെ കാറിന്റെ ചില്ല് പൊട്ടിച്ചാണു പുറത്തെടുത്തത്. മുന്‍ സീറ്റിലിരുന്ന ലക്ഷ്മിയും ഗുരുതര പരുക്കുകളോടെ ചുരുണ്ടുകിടക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്, മുന്‍ സീറ്റില്‍ നിസ്സഹായനായി ഇരുന്നു നോക്കുന്നുണ്ടായിരുന്നു ബാലഭാസ്‌കര്‍. അപ്പോഴും അദ്ദേഹത്തിനു ബോധം മറിഞ്ഞിട്ടുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനുശേഷം അന്നു രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഇപ്പോഴും ആ അപകടത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ലെന്നും അജി പറയുന്നു.
അതേസമയം കാര്‍ അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കറര്‍ അല്ല ഡ്രൈവ് ചെയ്തതെന്ന് ഭാര്യ ലക്ഷ്മി നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ലക്ഷ്മിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular