തൃശൂര്‍: പ്രളയശേഷം നവകേരള നിര്‍മാണത്തിന് ചെലവുചുരുക്കുമെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ കോടിക്കണക്കിന് രൂപ ചെലവാക്കി പഞ്ചായത്ത് ദിനം ആഘോഷിക്കുന്നു. ഇപ്പോഴും ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നതിനിടെയാണ് തൃശൂര്‍ ജില്ലയില്‍ നാലുകോടിയോളം രൂപ ചെലവാക്കി പഞ്ചായത്ത് ദിനം ആഘോഷിക്കുന്നത്. നൂറുവീടെങ്കിലും വെച്ചുകൊടുക്കാനുള്ള പണമാണ് ഇത്തരത്തില്‍ പൊടിക്കുന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
4000 പ്രതിനിധികളാണ് ഇതില്‍ പങ്കെടുക്കുക. സെമിനാറുകളാണ് പ്രധാന അജന്‍ഡ. 15 കമ്മിറ്റികള്‍ രൂപവത്കരിച്ചു, അവലോകനങ്ങളും നടക്കുന്നു. വരുന്നവര്‍ സംതൃപ്തിയോടെ മടങ്ങണമെന്നാണ് കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായ് മേത്തയുടെ ജന്‍മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനാഘോഷമായി നടത്തുന്നത്.
കേരളംമാത്രമാണ് ഇങ്ങനെയൊരു ആഘോഷം നടത്തുന്നത്. ഇക്കുറി ഫെബ്രുവരി 18, 19 തീയതികളില്‍ തൃശൂര്‍ പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആഘോഷം. കഴിഞ്ഞവര്‍ഷം തദ്ദേശമന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ ജില്ലയായ മലപ്പുറത്തായിരുന്നു, ഇക്കൊല്ലം എ.സി. മൊയ്തീന്‍ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ജില്ലയില്‍ നടക്കുന്നു എന്ന വ്യത്യാസംമാത്രം.
941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറുകോര്‍പ്പറേഷനുകള്‍, ഒരു ടൗണ്‍ഷിപ്പ്, 14 ജില്ലാപഞ്ചായത്തുകള്‍, 14 ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍, ഡയറക്ടര്‍ ഓഫീസ്, മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളില്‍നിന്ന് രണ്ടുപേരെങ്കിലും വന്നാല്‍ തന്നെ 2432 പേര്‍ ആകും. എന്നാല്‍ അതായിരിക്കില്ല അവസ്ഥ. ആയിരത്തോളം െ്രെഡവര്‍മാര്‍തന്നെ ഉണ്ടാവും. ചുരുങ്ങിയത് നാലായിരം പേരെങ്കിലും എത്തും എന്ന കണക്കിലാണ് സ്വാഗതസംഘത്തിന്റെ പ്രവര്‍ത്തനം.
30 ലക്ഷം രൂപയുടെ ഭക്ഷണമാണ് രണ്ടുദിവസം മൂന്നുനേരവും വിളമ്പുക. രണ്ടായിരം രൂപയെങ്കിലും വിലമതിക്കുന്ന ഉപഹാരം എല്ലാവര്‍ക്കും ഉണ്ടാവും. രണ്ടുദിവസത്തെ ഹാളിന്റെ വാടക 10 ലക്ഷം രൂപ. താമസത്തിന് തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍മുറികള്‍ക്കായി 20 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. മൊത്തം വാടക അരക്കോടി രൂപയോളം വരും. തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍നിന്നുള്ള ചുരുക്കം ചിലരൊഴിച്ച് എല്ലാവരും താമസസൗകര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനങ്ങളുടെ ഇന്ധനച്ചെലവ് സ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്ന്. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ടി.എ., ഡി.എ. എന്നിവ സര്‍ക്കാര്‍ വക. ജനപ്രതിനിധികള്‍ ഇത് ഫണ്ടില്‍നിന്ന് എഴുതിയെടുക്കും. കലാപരിപാടികള്‍, തേക്കിന്‍കാട് മൈതാനത്ത് പ്രദര്‍ശനം എന്നിവയുമുണ്ട്. ആതിഥേയ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഒഴിച്ചുള്ളവയെല്ലാം 15,000 രൂപ തനത് ഫണ്ടില്‍നിന്ന് എടുത്താണ് കഴിഞ്ഞവര്‍ഷം ആഘോഷം നടത്തിയത്. ആതിഥേയജില്ലയ്ക്ക് 20,000 രൂപയായിരുന്നു ഇത്. 40,000 രൂപ വരെ ചെലവഴിക്കാനുള്ള അനുമതിയും കൊടുത്തിരുന്നു. ഇക്കൊല്ലം ഇതുസംബന്ധിച്ച ഉത്തരവ് വന്നിട്ടില്ല. എന്നാല്‍, തുകയില്‍ വ്യത്യാസമുണ്ടാവാന്‍ സാധ്യതയില്ല.
പ്രളയദുരിതത്തെ തുടര്‍ന്ന് ചെലവ് ചുരുക്കാന്‍ വേണ്ടി കുട്ടികളുടേതുള്‍പ്പടെ നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ആറുകോടിയുടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടുകോടിക്ക് നടത്തി. ഭിന്നശേഷി ദിനാചരണവും കലോത്സവവും നടത്തിയില്ല. തദ്ദേശവകുപ്പ് നടത്താറുള്ള കേരളോത്സവം നടത്തിയില്ല. ചലച്ചിത്രമേള ആറര കോടിക്കുപകരം മൂന്നരകോടി രൂപയ്ക്കു നടത്തി. അന്താരാഷ്ട്ര നാടകോത്സവം 2.1 കോടിക്കു പകരം 95 ലക്ഷം രൂപയ്ക്ക് നടത്താന്‍ ഒരുങ്ങുന്നു.