കേന്ദ്ര സര്‍ക്കാരിന് ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ ആര്‍.ബി.െഎ; മാര്‍ച്ചിന് മുന്‍പ് നല്‍കിയേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിച്ചിരിക്കെ, കേന്ദ്രത്തിന് ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ ആര്‍.ബി.െഎ. ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 30,000 മുതല്‍ 40,000 കോടി രൂപ വരെ കേന്ദ്രസര്‍ക്കാരിന് ഇടക്കാല ലാഭവിഹിതമായി ആര്‍.ബി.ഐ. കൈമാറിയേക്കും. ഈ മാര്‍ച്ചിനു മുമ്പു തന്നെ ഈ തുക കൈമാറുമെന്നാണ് സൂചന. അന്തിമ തീരുമാനം ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണ വേളയില്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളും.

ധനക്കമ്മി ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍.ബി.ഐയുടെ ലാഭവിഹിതം കേന്ദ്രത്തിന് സഹായകമാകും. മേയ് മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി ക്ഷേമപദ്ധതികള്‍ക്ക് അധിക പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ആര്‍.ബി.ഐയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

ആര്‍.ബി.ഐയുടെ കരുതല്‍ ധനം ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കണമെന്നും ജനക്ഷേമ പദ്ധതികള്‍ക്കായി നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിന്റെ രാജിയിലാണ് നടപടി കലാശിച്ചത്.

തുടര്‍ന്ന് മുന്‍ ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ. ഗവര്‍ണറായി സര്‍ക്കാര്‍ നിയമിച്ചു. സര്‍ക്കാരും ആര്‍.ബി.ഐയും ആര്‍.ബി.ഐയുടെ കരുതല്‍ ധനം വിനിയോഗിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലാണ് 30,000

കോടി രൂപയില്‍ അധികം മാര്‍ച്ചില്‍ ഇടക്കാല ലാഭ വിഹിതമായി സര്‍ക്കാരിന് കൈമാറുമെന്ന് ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്. അതേസമയം, ആര്‍.ബി.ഐയും ധനകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല.

മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നില നിര്‍ത്തുകയാണ് ബജറ്റ് ലക്ഷ്യം. സര്‍ക്കാരിന്റെ വരുമാനത്തിലെ ഇടിവ് ഒരു ലക്ഷം കോടി രൂപയോളമാവാന്‍ സാധ്യതയുണ്ടെന്നിരിക്കെ സര്‍ക്കാരിന് ആര്‍.ബി.ഐയുടെതുള്‍പ്പെടെ ഫണ്ടുകള്‍ നിര്‍ണായകമാണ്.

SHARE