ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

പമ്പ: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 14വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 1400 ല്‍ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്,സത്രം,വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 500 പൊലീസുകാരെ കൂടെ അധികമായി വിന്യസിക്കും.

SHARE