ശബരിമലയില്‍ യുവതീപ്രവേശം നടപ്പാക്കാന്‍ പൊലീസ് സ്വീകരിച്ച തന്ത്രം

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശം നടപ്പാക്കാന്‍ പൊലീസ് സ്വീകരിച്ച തന്ത്രം ഇതായിരുന്നു. പലവട്ടം പരാജിതരായി മലയിറങ്ങേണ്ടി വന്നിട്ടും സേനയ്ക്കുള്ളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ന്നിട്ടും സുപ്രീം കോടതി വിധി ഒടുവില്‍ തന്ത്രപൂര്‍വം കരുക്കള്‍ നീക്കി പൊലീസ് അത് നടപ്പാക്കി. സര്‍ക്കാര്‍ പൊലീസിനു നല്‍കിയ കര്‍ശന ഉത്തരവും അതു മാത്രമായിരുന്നു. അനുയോജ്യ സമയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പൊലീസ്. തുലാമാസത്തിലും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോള്‍ നടപ്പാക്കാന്‍ കഴിയാതിരുന്ന ഉത്തരവ് അതിനാല്‍ അതീവ രഹസ്യമായാണ് ഇക്കുറി നടപ്പാക്കിയത്.
ശബരിമല സുരക്ഷയ്ക്കായി ഈ അവസാന ഘട്ടത്തില്‍ ഐജിയും ഡിഐജിയും 10 എസ്പിമാരും ഉള്‍പ്പടെ 5000 പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ യുവതികള്‍ ദര്‍ശനത്തിനെത്തുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷത്തിനും അറിയില്ലായിരുന്നു. ദേവസ്വം ബോര്‍ഡ് ഉന്നതരെയും വിവരമറിയിച്ചില്ല. കോഴിക്കോട്, കൊച്ചി ജില്ലകളിലെ പൊലീസ് മേധാവികളെ അറിയിച്ചു. രണ്ടാഴ്ച മുന്‍പു പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങിയ യുവതികള്‍ പിന്നീടു പൊലീസിന്റെ നിര്‍ദേശം കാത്തിരിക്കുകയായിരുന്നു.
മുന്‍കൂട്ടി പ്രഖ്യാപിച്ചു യുവതികള്‍ എത്തുന്നതും യുണിഫോമില്‍ പൊലീസ് അവര്‍ക്ക് അകമ്പടി പോകുന്നതുമാണു മുന്‍പു പ്രതിഷേധം ക്ഷണിച്ചു വരുത്തിയതെന്നു പൊലീസ് വിലയിരുത്തി. അതിനാല്‍ ഇക്കുറി അതു രണ്ടും പാടില്ലെന്ന് ആദ്യമേ തീരുമാനിച്ചു. അതിനു ശേഷം ആരെയും നിര്‍ബന്ധിച്ചു സര്‍ക്കാര്‍ മലകയറ്റില്ലെന്ന പ്രസ്താവന മുഖ്യമന്ത്രി അടക്കം ആവര്‍ത്തിച്ചു .പൊലീസിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത 800 ലേറെ യുവതികളെയും പിന്തിരിപ്പിച്ചു. ഇതോടെ സന്നിധാനത്തെ പ്രതിഷേധം കുറഞ്ഞു.
അതിനു ശേഷമാണു വനിതാ മതില്‍ ചരിത്രമായ രാത്രി തന്നെ യുവതികളെ ദര്‍ശനത്തിനെത്തിക്കാന്‍ പറ്റിയ സമയമെന്നു പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് എത്തുന്നതിനു മുന്‍പ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വിവരം കൈമാറി. അതോടെ ദര്‍ശനം വേഗത്തിലാക്കി അവര്‍ മലയിറങ്ങി.
പൊലീസ് ആസ്ഥാനത്തു നിന്നും ഇന്റലിജന്‍സ് ആസ്ഥാനത്തു നിന്നും നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി നല്‍കി. മലയിറങ്ങി സുരക്ഷിത കേന്ദ്രത്തിലെത്തിയതോടെ പൊലീസുകാരടങ്ങുന്ന ഈ സംഘം തന്നെയാണു സമൂഹമാധ്യമങ്ങളിലുടെ വിവരം പുറത്തു വിട്ടത്.
ആദ്യ ഘട്ടത്തില്‍ ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ പ്രതിഷേധക്കാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് സംശയമുണ്ടായിരുന്നു. അതിനാലാണ് ഇക്കുറി അത്തരം ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തി പുലര്‍ച്ചെ യുവതീപ്രവേശം പൊലീസ് നടപ്പാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular