ശബരിമല നടയടച്ച വിഷയം; തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ പ്രവശിച്ചതിനെ തുടര്‍ന്ന് നടയടച്ച വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. ബോര്‍ഡിനോട് കൂടിയാലോചനകള്‍ നടക്കാതെ നടയടച്ചത് ഗുരുതര പിഴവാണെന്ന് വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
സുപ്രീം കോടതി വിധിക്കെതിരായ സമീപനമാണ് തന്ത്രി സ്വീകരിച്ചത് എന്നും ബോര്‍ഡ് ആരോപിക്കുന്നു. വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് നിശ്ചിത സമയം നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ യോഗം ചേര്‍ന്ന് ശക്തമായ നടപടി കൈക്കൊള്ളാനാണ് ബോര്‍ഡ് തീരുമാനം. ഇത് എന്ത് നടപടിയായിരിക്കും എന്ന കാര്യം വ്യക്തമല്ല. ദേവസ്വം മാന്വലില്‍ ഇക്കാര്യം കൃത്യമായി പറയുന്നില്ല.
എന്നാല്‍ ശുദ്ധിക്രിയ അടക്കമുള്ള പരിഹാര ക്രിയകള്‍ ചെയ്യാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്ന് തന്നെയാണ് ബോര്‍ഡ് നിലപാട്. ബോര്‍ഡിനോട് ചോദിക്കാതെ നടയടച്ചു എന്ന വിഷയത്തില്‍ മാത്രമാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുവതീ പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് താന്‍ നടയടക്കാന്‍ പോവുകയാണ് എന്ന വിവരം പത്മകുമാറിനോട് തന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് ബോര്‍ഡ് അംഗങ്ങളോട് ഇക്കാര്യം സംസാരിച്ച ശേഷം തീരുമാനിക്കാം എന്നായിരുന്നു പത്മകുമാറിന്റെ നിലപാട്.
എന്നാല്‍ തന്ത്രി ഇതിന് കാത്തുനില്‍ക്കാതെ നടയടക്കുകയായിരുന്നു. നേരത്തെ തുലാമാസ പൂജ സമയത്ത് യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ തന്ത്രി അഭിപ്രായം ചോദിച്ചിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നും തന്ത്രിയോട് ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. അന്ന് വിശദീകരണം തൃപ്തികരമായിരുന്നതിനാല്‍ നടപടികള്‍ ഉണ്ടായിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular