മുടി മുറിച്ച് , പല്ലില്‍ ക്ലിപ്പ് ഇട്ട് രജിഷ വിജയന്‍: മേക്ക് ഓവര്‍ വീഡിയോ പുറത്ത്

രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജൂണ്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാഗം കെട്ടി ബാഗുമെടുത്ത് നില്‍ക്കുന്ന രജിഷയുടെ ലുക്ക് ഇതിനോടകം തന്നെ ഹിറ്റായിരുന്നു.
ഇതിനു പിന്നാലെ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാകാനായി ഒന്‍പത് കിലോ ശരീര ഭാരമാണ് രജിഷ കുറച്ചത്. അതിനായി കഠിനമായ ഡയറ്റും വ്യായാമമുറകളുമാണ് രജിഷ ശീലിച്ചത്. ചിത്രത്തില്‍ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കില്‍ താരമെത്തും. പല്ലില്‍ കമ്പിയിട്ട വേഷത്തിലും രജിഷ എത്തുന്നുണ്ട്.
എന്നാല്‍ അതിനെക്കാളൊക്കെ ഏറെ അതിശയിപ്പിച്ചത് രജിഷയുടെ ആ നീളന്‍ മുടി മുറിച്ചതാണ്. ഏറ്റവും നീളം കുറച്ചാണ് മുടി മുറിച്ചിരിക്കുന്നത്. തന്റെ ശരീരത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മുടിയായിരുന്നു. മുറിക്കാന്‍ ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട് വിജയ് സാര്‍ പറഞ്ഞിട്ടാണ് മുടി മുറിച്ചതെന്ന് രജിഷ പറയുന്നു.
ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ 17 മുതല്‍ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ശക്തമായ സ്ത്രീ കേന്ദ്രകഥാപാത്രത്തെയാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുക. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂണ്‍. നവാഗതരായ ജിതിന്‍ സ്റ്റാന്‍സ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സംഗീത സംവിധായകന്‍ ഇഫ്തി. തിരക്കഥ അഹമ്മദ് കബീര്‍, ലിബിന്‍, ജീവന്‍.

SHARE