ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് മികച്ച സംവിധായകനുള്ള രജത ചകോരം

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് മികച്ച സംവിധായകനുള്ള രജത ചകോരം. ഈ.മ.യൗ എന്ന ചിത്രത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരി നേട്ടം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രം ഡാര്‍ക്ക് റൂം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്.
പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രം ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനും നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ നേടി.
റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഡാര്‍ക്ക് റൂം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കര്‍ നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബിയാട്രിസ് സഗ്നറുടെ ദി സൈലന്‍സ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ബിലാത്തിക്കുഴല്‍ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

Similar Articles

Comments

Advertismentspot_img

Most Popular