വനിതാ മതില്‍: സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ പണം ഉപയോഗിച്ചല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആശയപ്രചാരണമാണ് നടത്തുന്നത്. സ്ത്രീശാക്തീകരണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. വനിതാ മതിലിന് സ്ത്രീകളെ എത്തിക്കുന്നതു നവോത്ഥാന സംഘടനകളെന്നും മുഖ്യമന്ത്രി പറഞ്ഞു.ങ്കുവനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. ഭരണഘടനപ്രകാരം ഖജനാവിലെ പണം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെയും പ്രചാരണപരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. വനിതാ മതിലില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ പെട്ടവരാണ്. ഇതിനായി ഖജനാവില്‍ നിന്ന് പണം മുടക്കുന്നതു നീതീകരിക്കാനാവില്ലെന്നും കത്തില്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന വനിതാ മതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗത്തിലാണു തീരുമാനമായത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണു പരിപാടി സംഘടിപ്പിക്കുന്നതെന്നു യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ജനാധിപത്യമതനിരപേക്ഷ വിശ്വാസികളും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന സമൂഹവും ഈ പരിപാടിയില്‍ അണിനിരക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ജനുവരി ഒന്നിന് വനിതാ മതില്‍ രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലായി മാറ്റാനാണു ലക്ഷ്യം. അതേസമയം പരിപാടിക്കെതിരെ ശബരിമല കര്‍മ സമിതിയുള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുണ്ട്. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെ അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ സമിതി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular