ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോക റെക്കോര്‍ഡ് ഇനി പന്തിനു സ്വന്തം…

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രത്തില്‍ മുന്‍പു രണ്ടു തവണ മാത്രം സംഭവിച്ചൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തൊന്നുകാരന്‍ ഋഷഭ് പന്ത്. മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി ഓസീസ് മണ്ണില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയ ഋഷഭ് പന്ത് അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ സ്വന്തമാക്കിയത് 11 ക്യാച്ചുകളാണ് ഒന്നാം ഇന്നിങ്‌സില്‍ ആറും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും.
ഇതോടെ, ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോക റെക്കോര്‍ഡും പന്തിനു സ്വന്തം. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാക്ക് റസ്സല്‍ (1995ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനസ്ബര്‍ഗില്‍), ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ എ.ബി. ഡിവില്ലിയേഴ്‌സ് (2013ല്‍ പാക്കിസ്ഥാനെതിരെ ജൊഹാനസ്ബര്‍ഗില്‍) എന്നിവര്‍ക്കൊപ്പമാണ് പന്തും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ ക്യാച്ചു സ്വന്തമാക്കിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ ഫിഞ്ച്, ഹാരിസ്, മാര്‍ഷ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയും കയ്യിലൊതുക്കി. ഇതിനിടെ രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ നഥാന്‍ ലിയോണിന്റെ ക്യാച്ച് കൈവിട്ടത് റെക്കോര്‍ഡ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും പന്തിനു നഷ്ടമാക്കി.
ഇക്കാര്യത്തില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറിന്റെ റെക്കോര്‍ഡും ഇനി പന്തിന്റെ പേരില്‍. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ 10 ക്യാച്ചു സ്വന്തമാക്കിയ വൃദ്ധിമാന്‍ സാഹയുടെ റെക്കോര്‍ഡാണ് പന്തു സ്വന്തം പേരിലാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡും പന്തു കൈക്കലാക്കി. 2014ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേടിയ ഒന്‍പതു ക്യാച്ചുകളുടെ റെക്കോര്‍ഡാണ് പന്തു സ്വന്തം പേരിലാക്കിയത്.
നേരത്തെ, ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പന്തു സ്വന്തമാക്കിയിരുന്നു. അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ ആറു ക്യാച്ചുകള്‍ കയ്യിലൊതുക്കിയാണ് പന്ത് റെക്കോര്‍ഡിട്ടത്. ഓസീസ് നിരയില്‍ ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് പന്തിന് ക്യാച്ചു സമ്മാനിച്ച് പുറത്തായത്. ഇതില്‍ രണ്ടു പേര്‍ മുഹമ്മദ് ഷമിയുടെ പന്തിലും രണ്ടു പേര്‍ ജസ്പ്രീത് ബുമ്രയുടെ പന്തിലുമാണ് പന്തിനു ക്യാച്ച് നല്‍കിയത്. ഓരോ താരങ്ങള്‍ വീതം ഇഷാന്ത് ശര്‍മയുടെയും രവിചന്ദ്രന്‍ അശ്വിന്റെയും പന്തില്‍ പന്തിനു ക്യാച്ച് നല്‍കി.
ഇതോടെ, ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനവും പന്തു നേടി. ആറു ക്യാച്ചു വീതം നേടിയിട്ടുള്ള ഡെന്നിസ് ലിന്‍ഡ്‌സേ (ദക്ഷിണാഫ്രിക്ക), ജാക്ക് റസ്സല്‍ (ഇംഗ്ലണ്ട്), അലെക് സ്റ്റുവാര്‍ട്ട് (ഇംഗ്ലണ്ട്), ക്രിസ് റീഡ് (ഇംഗ്ലണ്ട്), മാറ്റ് പ്രയര്‍ (ഇംഗ്ലണ്ട്) എന്നിവര്‍ക്കൊപ്പമാണ് പന്തിന്റെയും സ്ഥാനം.
അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് താരം റിഡ്ലി ജേക്കബ്‌സിന്റെ പേരിലാണ്. 2000ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ മാത്രം ഏഴു ക്യാച്ചുകളാണ് ജേക്കബ്‌സ് സ്വന്തമാക്കിയത്.
അതേസമയം, പന്തിനു പുറമെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ആറു ക്യാച്ചു നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയാണ്. 2009ല്‍ ന്യൂസീലന്‍ഡിനെതിരെ വെല്ലിങ്ടണിലാണ് ധോണി ഒരു ഇന്നിങ്‌സില്‍ ആറു ക്യാച്ചു സ്വന്തമാക്കിയത്. അതേസമയം, റിഡ്ലി ജേക്കബ്‌സിനു പുറമെ പാക്കിസ്ഥാന്റെ വസിം ബാരി, ഇംഗ്ലണ്ടിന്റെ ബോബ് ടെയ്ലര്‍, ന്യൂസീലന്‍ഡിന്റെ ഇയാന്‍ സ്മിത്ത് എന്നിവര്‍ ഒരു ഇന്നിങ്‌സില്‍ ഏഴു ക്യാച്ച് സ്വന്തമാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular