സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതര പരിക്ക് ; അടിയന്തിര ശസ്ത്രക്രിയ

കൊച്ചി: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീഴുകയായിരുന്നു. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്. നവംബര്‍ പതിനേഴിന് രാത്രി ആയിരുന്ന അപകടം. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ധരാത്രിയോടെ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുന്നുണ്ട്. എങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രീകുമാര്‍ മേനോന്‍ കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ മുഖത്ത് നീരുള്ളതിനാല്‍ അധികനേരം ജോലി ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.
ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തില്‍ ചെന്നെയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലായിരുന്നു നടന്നിരുന്നത്. സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 നാണ് ലോകമെമ്പാടുമുളള തിയ്യറ്ററുകളിലെത്തുക.

Similar Articles

Comments

Advertismentspot_img

Most Popular