കെ.പി.ശശികല ഉപവാസത്തില്‍; വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

പത്തനംതിട്ട: മരക്കൂട്ടത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ നാമജപ പ്രതിഷേധം. ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കരുതല്‍ തടങ്കലിലാക്കിയ ശശികല ഇപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. സ്റ്റേഷനില്‍ അവര്‍ ഉപവാസ സമരത്തിലാണ്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലെ പോലീസ് അറസ്റ്റ് ചെയ്തത്. ശശികലയെ കൂടാതെ നാല് സംഘപരിവാര്‍ സംഘടനാ നേതാക്കളേയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഇവരുടെ നേതൃത്വത്തില്‍ മുമ്പുണ്ടായ സംഘര്‍ഷങ്ങല്‍ കണക്കിലെടുത്താണ് കരുതല്‍ അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. കൂടുതല്‍ നേതാക്കാളെ ഇനിയും കരുതല്‍ തടങ്കലിലാക്കാന്‍ സാധ്യതയുണ്ട്.
അഞ്ചു മണിക്കൂര്‍ തടഞ്ഞു നിര്‍ത്തിയതിന് ശേഷമാണ് പുലര്‍ച്ചെ 1.30 ഓടെ ശശികലയെ മരക്കൂട്ടത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. തിരിച്ചു പോകണമെന്ന് പോലീസിന്റെ നിര്‍ദേശം അനുസരിക്കാത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്.
പോലീസ് അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ഹിന്ദുഐക്യവേദി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular