പിച്ച് എങ്ങിനെയാവും എന്നറിയില്ല; ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു

വിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. കളത്തില്‍. രാത്രി 7.00 മണി മുതല്‍ ലഖ്‌നൗവിലാണ് മത്സരം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. വിന്‍ഡീസുയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം ഏറെ പണിപ്പെട്ടാണ് ഇന്ത്യ മറികടന്നത്. 45 റണ്‍സെടുക്കുന്നതിനിടയില്‍ നാലു മുന്‍ നിര ബാറ്റ്‌സ്മാനെ നഷ്ടമായിരുന്ന ഇന്ത്യയ്ക്ക് മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളാണ് തുണയായത്.

ഇന്ത്യയെ വിറപ്പിക്കാനായി എന്ന ആത്മവിശ്വാസത്തിലാവും മറുഭാഗത്ത് വിന്‍ഡീസ് രണ്ടാം മത്സരത്തിനിറങ്ങുക. വലിയ ടോട്ടല്‍ നേടാനായില്ലെങ്കിലും ബൗളിങ്ങില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ കരീബിയന്‍ പടയ്ക്കായി. ഇരു ടീമുകളും ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത.

ആദ്യ ട്വന്റി20യില്‍ ഓഷെയ്ന്‍ തോമസ് തന്റെ പ്രബലരായ പൂര്‍വികരെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് വിന്‍ഡീസ് നായകന്‍ കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് എറിഞ്ഞ ലെങ്ത് ബോളുകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വെള്ളം കുടിച്ചു; പക്ഷേ ടെസ്റ്റ്, ഏകദിന പരമ്പരകളിലേതുപോലെ ആദ്യ ട്വന്റി20യിലും വിന്‍ഡീസ് പൊരുതാതെ കീഴടങ്ങി.

വിന്‍ഡീസ് പേസര്‍മാരുടെ ഷോട് ലെങ്ത് ബോളുകളെ ബാക്ഫുട്ടില്‍ നേരിടാഞ്ഞതാണ് ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്കു വിനയായത്. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിച്ചതിന്റെ ഭാഗമായി ഓവറില്‍ ഒരു ഓവറില്‍ ഒന്ന് എന്ന കണക്കില്‍ ബൗണ്‍സറുകളുടെ എണ്ണം ചുരുക്കിയതും ബാറ്റിങ്ങിനു ഹെല്‍മെറ്റ് വ്യാപകമാക്കിയതും വഴി ഷോട് ബോളുകളെ ബാക്ഫുട്ടില്‍ നേരിടുന്ന ടെക്‌നിക് മിക്ക ബാറ്റ്‌സ്മാന്‍മാരും മറന്ന മട്ടാണ്.

മികച്ച രീതിയില്‍ പന്തെറിഞ്ഞ ഓഷെയ്ന്‍ തോമസിനു പിന്തുണ നല്‍കാന്‍ അതിവേഗക്കാരനായ മറ്റൊരു പേസര്‍ വിന്‍ഡീസിന് ഇല്ലാതെ പോയി, അതുകൊണ്ടാണ് മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യയെ വിജയിപ്പിക്കാനായത്. ദിനേശ് കാര്‍ത്തിക് ഒരിക്കല്‍ക്കൂടി ക്ലാസ് പ്രകടിപ്പിച്ച കളിയായിരുന്നു അത്. തന്നെ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് അരങ്ങേറ്റക്കാരന്‍ ക്രുനാല്‍ പാണ്ഡ്യയും പുറത്തെടുത്തത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കാഴ്ചവയ്ക്കുന്ന തകര്‍പ്പന്‍ പ്രകടനം രാജ്യാന്തര തലത്തില്‍ ആവര്‍ത്തിക്കാനായതില്‍ ക്രുനാലിന് അഭിമാനിക്കാം. ഷോട് ബോളുകള്‍ക്ക് ഈഡന്‍ ഗാര്‍ഡന്‍സിലെ വിക്കറ്റില്‍ കാര്യമായ ഗുണം ലഭിച്ചിരുന്നു. എന്നാല്‍ ലക്‌നൗവില്‍ ഇതായിരിക്കില്ല സ്ഥിതി.

മല്‍സരം നടക്കുന്നത് പുതിയ വേദിയിലാണെന്നതിന്റെ ആശങ്ക ഇന്ത്യന്‍ നിരയിലുമുണ്ട്. അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവം ഗ്രഹിക്കാനാകും ഇരു ടീം ക്യാപ്റ്റന്‍മാരുടെയും ആഗ്രഹം. 3 കളികളുടെ പരമ്പരയിലെ നിലനില്‍പിന് ഇന്നു ലക്‌നൗവിലെ ജയം ട്വന്റി20 ലോകചാംപ്യന്‍മാര്‍ക്ക് അനിവാര്യമാണ്. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്കു മുന്നില്‍ അടിയറ വച്ചാകും വിന്‍ഡീസിനു മടങ്ങേണ്ടിവരിക.

Similar Articles

Comments

Advertismentspot_img

Most Popular