അമിത് ഷാ ശബരിമലയിലേക്ക്; രഥയാത്രയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഷാ പറഞ്ഞത്…

തിരുവനന്തപുരം: ഈ മണ്ഡലകാലത്തു ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മില്‍ ഇക്കാര്യം ധാരണയായി. ശബരിമലയില്‍ ദര്‍ശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. തീയതി നിര്‍ദേശിച്ചിട്ടില്ല.
നവംബര്‍ എട്ടു മുതല്‍ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും.
സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവച്ചുള്ള പ്രഖ്യാപനമാണ് അമിത് ഷാ കണ്ണൂരില്‍ നടത്തിയത്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള രാഷ്ട്രീയവസരമായി പാര്‍ട്ടി ഇപ്പോള്‍ ഇതിനെ കാണുന്നു.
പ്രതിഷേധ പരിപാടികള്‍ എന്‍ഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. നേതാക്കളായ പി.എസ്. ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, പി. കെ. കൃഷ്ണദാസ്, എം.ഗണേഷ് എന്നിവര്‍ക്കൊപ്പം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ഇന്നലെ കൂടിയാലോചനകളില്‍ പങ്കെടുത്തു. ശ്രീധരന്‍ പിള്ളയും തുഷാറും ചേര്‍ന്നുള്ള രഥയാത്രയ്ക്ക് ആ ചര്‍ച്ചയിലാണു തീരുമാനിച്ചത്.

ശിവഗിരിയില്‍ വച്ച് അമിത് ഷാ ആവശ്യപ്പെട്ടിട്ടും സമരത്തില്‍ സഹകരിക്കാനില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ തിരിച്ചടിച്ചതിനു തുഷാറിനെ കൂടെ നിര്‍ത്തി മറുപടി നല്‍കാനാണു തീരുമാനം. രഥയാത്രയ്ക്കു മുമ്പ് ന്യൂനപക്ഷ വിഭാഗത്തിലെ പ്രബലരെ സന്ദര്‍ശിച്ചു പിന്തുണ തേടാന്‍ ശ്രീധരന്‍പിള്ള ശ്രമിക്കും.

ശബരിമല കര്‍മസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായെ പ്രത്യേകം സന്ദര്‍ശിച്ചു. സിപിഎം സഹയാത്രികരായിരുന്ന ഇപ്പോഴത്തെ പന്തളം കൊട്ടാരം പ്രതിനിധികള്‍ സംരക്ഷണം തേടി ബിജെപി പ്രസിഡന്റിനെ കാണാനെത്തിയതു നേട്ടമായി സംസ്ഥാന നേതാക്കള്‍ പങ്കുവയ്ക്കുന്നു. മുന്‍ഡിജിപി: ടി.പി. സെന്‍കുമാര്‍ കണ്ടുവെങ്കിലും ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നിട്ടില്ല. തെലങ്കാനയുടെ ചുമതലയുള്ള പി.കെ. കൃഷ്ണദാസിനൊപ്പം യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഉച്ചയ്ക്ക് അമിത് ഷാ ഹൈദരാബാദിലേക്കു തിരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular