ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി; വിധി സര്‍ക്കാര്‍ നടപ്പാക്കണമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ അടിസ്ഥാനസൗകര്യമില്ലാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭരണഘടന അതാണ് ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം യുവതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതു പ്രവര്‍ത്തകനായ പിഡി ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് കോടതിയെ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന എല്‍ഡിഎഫ് രാഷ്ടിയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പുരുഷനുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുളള സുപ്രീംകോടതി വിധി വന്നിട്ടും സന്നിധാനത്ത് സ്ത്രീ പ്രവേശനം സാധ്യമായിട്ടില്ല. വിധിക്കെതിരെ മുന്‍പെങ്ങും കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് സന്നിധാനത്ത് നടന്നത്. പത്തോളം സ്ത്രീകള്‍ സന്നിധാനത്തേയ്ക്ക് എത്താന്‍ ശ്രമം നടത്തിയെങ്കിലും കടുത്ത പ്രതിഷേധങ്ങലെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്ന് തന്ത്രിയും ഭീഷണി മുഴക്കിയിരുന്നു.

മണ്ഡല മകരവിളക്ക് സീസണില്‍ കൂടുതല്‍ സ്ത്രീകള്‍ ദര്‍ശനം നടത്താനായി എത്തുമെന്നാണ് കരുതുന്നത്. പഴുതടച്ച സുരക്ഷയൊരുക്കി സുഗമമായ ദര്‍ശനം സാധ്യമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അയ്യായിരത്തോളം പോലീസുകാരെയാണ് സന്നിധാനത്ത് വിന്യസിക്കുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദ്രുതകര്‍മസേനയും ദുരന്തനിവാരണ സേനയേയും നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാനായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular