സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന്‌ വീണ്ടും പിണറായി; സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കൂട്ടര്‍ കൊടിയെടുത്ത് സമരം ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെ ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ഇത്തരം നടപടികള്‍ കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവില്ല. സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള, എഴുത്തുകാരി കെ ആര്‍ മീര, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ ആര്‍ നായര്‍, ലോകസഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി, പ്രമുഖ എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍, സ്വാമി സന്ദീപാനന്ദ ഗിരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular