പൊലീസിന് വീഴ്ച പറ്റിയോ…? പരിശോധിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ശബരിമലയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ പോലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും അനുയോജ്യരും കഴിവു തെളിയിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥരാണ് അവിടെ പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. അവരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ എന്ന് അവര്‍ ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വന്ന ശേഷം പരിശോധിക്കും.അതിനിടയ്ക്ക് അന്വേഷണമൊന്നുമില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

യുവതിയെ പോലീസ് ഹെല്‍മറ്റും ജാക്കറ്റും അണിയിച്ച് മലകയറ്റിയതും ആക്ടിവിസ്റ്റിനെ മലകയറ്റിയതും വിവാദമായ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ വിശദീകരണം.

അതിനിടെ ഡിജിപി മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ പോയി. വെള്ളിയാഴ്ച വൈകീട്ടാണ് ഡി.ജി.പി. ഭാര്യയോടും മകനോടുമൊപ്പം മൂന്നാറിലെത്തിയത്. സ്വകാര്യഹോട്ടലില്‍ താമസിച്ച ഡി.ജി.പി.യും കുടുംബവും ശനിയാഴ്ച രാവിലെ ഔദ്യോഗികവാഹനത്തില്‍ രാജമലയിലെത്തി നീലക്കുറിഞ്ഞി കണ്ടു. രാജമലയിലും മൂന്നാറിലും കനത്ത സുരക്ഷ ഒരുക്കിയ പോലീസ് ഡി.ജി.പി.യുടെ ഫോട്ടോയെടുക്കാന്‍ ആരെയും സമ്മതിച്ചില്ല.
ഇതിനുശേഷം നല്ലതണ്ണിയിലെ തേയിലമ്യൂസിയം സന്ദര്‍ശിക്കാനെത്തിയ ഡി.ജി.പി.യെയും കുടുംബത്തെയും കണ്ണന്‍ദേവന്‍ കമ്പനി എം.ഡി. മാത്യു എബ്രാഹം സ്വീകരിച്ചു. ഡിവൈ.എസ്.പി.ഓഫീസും സന്ദര്‍ശിച്ചശേഷമാണ് ഡി.ജി.പി. മടങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular