പൊലീസിനെതിരേ ലിബി; തിരികെ പോരാന്‍ ഉദ്ദേശമില്ലായിരുന്നു; മടക്കി അയച്ചത് പൊലീസാണ്; ലിബിക്കെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു

പത്തനംതിട്ട: ചേര്‍ത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മലകയറാതെ മടങ്ങുകയും ചെയ്തു. സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ മടങ്ങിയതെന്ന് ലിബി പറഞ്ഞു.

‘എനിക്ക് മടങ്ങിപ്പോകാന്‍ യാതൊരു താല്‍പര്യവുമില്ലായിരുന്നു. പക്ഷേ, പൊലീസ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. അവര്‍ക്ക് അതിന് സാധ്യമല്ല, ഫോഴ്‌സില്ല. അതുകൊണ്ട് അവരാണ് എന്നോട് ആവശ്യപ്പെട്ടത് മടങ്ങിപ്പോകാന്‍. പൊലീസ് പറയുന്നത്, ഇവിടെ സംഘര്‍ഷാവസ്ഥയാണ്, ആവശ്യത്തിന് ഫോഴ്‌സില്ല നിങ്ങളെ ശബരിമലയില്‍ എത്തിക്കുക എന്നത് പൊലീസുകാരുടെ ഡ്യൂട്ടിയല്ല, അല്ലെങ്കില്‍ സുരക്ഷയ്ക്കുള്ള ഉത്തരവ് വാങ്ങി വരണമായിരുന്നു എന്നെല്ലാമാണ്’- ലിബി പറഞ്ഞു.
അതേസമയം, ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE